Sorry, you need to enable JavaScript to visit this website.

ഹജ് വളണ്ടിയർ അഭിമുഖം ചെയർമാൻ ഉൾപ്പെടെ മൂന്ന് പേർ കോടതിയിലെത്തണം

കൊണ്ടോട്ടി- ഹജ് വളണ്ടിയർ അഭിമുഖത്തിൽ സർക്കാർ കൈകടത്തലിനെതിരെ ഹജ് കമ്മിറ്റി അംഗം എ.കെ. അബ്ദുറഹിമാൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് പേർ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുൻ ഹജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ.കെ. അബ്ദുൾ ഹമീദ്, ഹജ് സെക്രട്ടറി മലപ്പുറം ജില്ലാ കലക്ടർ എന്നിവർക്കാണ് കോടതി നിർദേശം ലഭിച്ചത്.
കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശത്തിൽ സംസ്ഥാന ഹജ് കമ്മിറ്റിക്കാണ് വളണ്ടിയർ അഭിമുഖത്തിന്റെ ചുമതല. വർഷങ്ങളായി ഹജ് കമ്മിറ്റി പ്രതിനിധികളാണ് വളണ്ടിയർ  അഭിമുഖം നടത്തുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയെ അഭിമുഖത്തിനുളള ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ഹജ് കമ്മിറ്റി അംഗം കൂടിയായ എ.കെ. അബ്ദുറഹ്മാൻ കോടതിയെ സമീപിച്ചത്.
ഹജ് വളണ്ടിയർ (ഖാദിമുൽ ഹുജാജ്) നിയമന അഭിമുഖത്തിൽ ഭാഷാ പ്രാവീണ്യമുളളവർക്ക് മുൻഗണ നൽകും. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവണ്യമുളളവർക്കാണ് ഈ വർഷം മുൻഗണന നൽകുക എന്ന് ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജിന് പോകുന്ന തീർത്ഥാടകരെ ഹജ് വേളയിൽ സഹായിക്കാനായാണ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്.
231 പേരാണ് അഭിമുഖത്തിന് എത്തിയിരുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ 54 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുൻ ഹജ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എ.കെ. അബ്ദുൾ ഹമീദ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻ കുട്ടി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്നവർ ഈ മാസം 19 ന് ചേരുന്ന വളണ്ടിയർ യോഗത്തിൽ പങ്കെടുക്കണം.

Latest News