തിരുവനന്തപുരം- അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സീരിയല്‍ നിര്‍മ്മതാവിനൊപ്പം. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന വ്യക്തിയാണിത്. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയുടെ പ്രധാനിയായ ഇയാള്‍ക്കൊപ്പം ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങുമുതല്‍ അനിതയുണ്ടായിരുന്നു. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു.
രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു. വെ്ള്ളിയാഴ്ച നടന്ന ഓപ്പണ്‍ ഫോറത്തിലും അവര്‍ പങ്കെടുത്തു.
ശനിയാഴ്ചയും നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച അവര്‍ ഏറെ നേരം സഭാ ടിവിയുടെ ഓഫീസിലുണ്ടായിരുന്നു. അനിതയുടെ സാന്നിധ്യം വാര്‍ത്തയായപ്പോഴാണ് നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കിയത്. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി അനിത പുല്ലയില്‍ കഴിഞ്ഞ ലോകകേരള സഭയിലുണ്ടായിരുന്നു. നിയമസഭാ സമുച്ചയത്തില്‍ കയറിയെങ്കിലും ലോകകേരള സഭ നടക്കുന്ന ഹാളില്‍ അവര്‍ പ്രവേശിച്ചിട്ടില്ലെന്നാണ് നോര്‍ക്കയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെയും ആവര്‍ത്തിച്ചുള്ള വാദം.