പേരാമ്പ്ര- നൊച്ചാട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
അതിനിടെ കോഴിക്കോട് ഫറൂഖ് പോലീസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ജലപീരങ്കി പ്രയോഗത്തില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തനിക്ക് പോലീസ് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രവീണ്‍ കുമാറിനെതിരായ ആക്രമണത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയിലെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു