സി.പി.എമ്മിലെ ഫണ്ട് തിരിമറി വിവാദം:  കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ പി ജയരാജന്‍

കണ്ണൂര്‍-രക്തസാക്ഷി ഫണ്ട് തിരിമറിയെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കങ്ങള്‍ സജീവമാക്കി. സീനിയര്‍ നേതാവ് പി.ജയരാജന്‍ ഇതിനായി അനുനയ ചര്‍ച്ചകള്‍ ആരംഭിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുതിര്‍ന്ന നേതാവും മുന്‍ ഏരിയ സെക്രട്ടറിയുമായായ വി.കുഞ്ഞികൃഷ്ണനുമായി ഇന്ന് പി.ജയരാജന്‍ ചര്‍ച്ച നടത്തിയേക്കും.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പി.ജയരാജന്‍ അനുനയനീക്കം നടത്തുന്നത്. രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍. തിരിമറിയില്‍ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതല്‍ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെടുന്നു.
കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ലെഫ്റ്റ് അടിക്കുന്ന സാഹചര്യമുണ്ടായി. പലരും പ്രൊഫൈല്‍ ഫോട്ടോയായി കുഞ്ഞികൃഷ്ണന്റെ ചിത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിഷയം പയ്യന്നൂരില്‍ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് പി.ജയരാജനെ ഇടപെട്ടുള്ള അനുനയ നീക്കത്തിന് ജില്ലാ നേതൃത്വം തുടക്കമിട്ടത്.
 

Latest News