ദുബായ്- ലോകകേരള സഭ സമ്മേളനം യു.ഡി.എഫ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ വ്യവസായി എം.എ യൂസഫലിയോട് ഖേദം പ്രകടിപ്പിച്ച് കെ.എം.സി.സി നേതാവ് ഇബ്രാഹിം എളേറ്റില്‍. ഞങ്ങളുടെ ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ ബഹുമാനപ്പെട്ട യൂസഫലിയെ കുറിച്ച് നടത്തിയ പരാമര്‍ശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തില്‍ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണെന്ന് കെ.എം. ഷാജിയുടെ പേരെടുത്തു പറയാതെ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയെ ആണ് പ്രതിനിധീകരിക്കുന്നതെന്നും ഞങ്ങളുടെ ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ ബഹുമാനപ്പെട്ട യൂസഫലിയെക്കുറിച്ച് നടത്തിയ പരാമര്‍ശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തില്‍ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു
ആ പറഞ്ഞ വ്യക്തിക്ക് അറിയാത്തതുകൊണ്ടായിരിക്കും. അദ്ദേഹം അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നൈറ്റ് സൂക്ക് കത്തിയപ്പോള്‍ അവിടെയുള്ള മുഴുവന്‍ ചെറുകിട കച്ചവടക്കാര്‍ക്കും 600ല്‍ അധികം തൊഴിലാളികള്‍ക്കും മൂന്നു മാസത്തോളം ഭക്ഷണം കൊടുത്ത വ്യക്തിത്വമാണ് യൂസഫലി. അത്രയധികം പ്രവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്ന ആളാണ് അദ്ദേഹം. യൂസഫലിക്കുണ്ടായ പ്രയാസത്തില്‍ ഞാന്‍ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്- ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
ലോക കേരള സഭയില്‍ നിന്നു വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് മുസ്ലിം ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു. യുസഫലി ആദരീണയനായ വ്യക്തിയാണെന്നും അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വിഷയത്തില്‍ അദ്ദേഹം സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ നയം നടപ്പിലാക്കിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.
ലോക കേരള ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി രംഗത്തുവന്നത്. ബിസിനസ് വളര്‍ത്താന്‍ ബിജെപിയെയും സംസ്ഥാന സര്‍ക്കാരിനെയും തൃപ്തിപ്പെടുത്തുന്നയാള്‍ മുസ്ലിം ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പ്രസ്താവന. ഏത് വലിയ സുല്‍ത്താനായാലും ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയുമെന്നും ഷാജി മുന്നറിയിപ്പ് നല്‍കിയിരുന്നു.