Sorry, you need to enable JavaScript to visit this website.

ഹർത്താൽ വിജയിപ്പിക്കാൻ കച്ച മുറുക്കി ദളിത് സംഘടനകൾ

കൽപറ്റ- പട്ടികജാതി-വർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാൻ പാർലമെൻ് ഇടപെടണമെന്ന മുഖ്യ ആവശ്യവുമായി സംസ്ഥാന വ്യാപകമായി ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി ദളിത് സംഘടനകൾ. 
നിസ്സഹകരിക്കാൻ വ്യാപാരികളും വാഹന ഉടമകളും മറ്റും തീരുമാനിച്ചിരിക്കേ ഹർത്താൽ വിജയിപ്പിക്കണമെന്ന വാശിയിലാണ് ദളിത് പ്രസ്ഥാനങ്ങൾ. സംസ്ഥാന തലത്തിൽ പൊതു വിഷയങ്ങളിൽ കൂട്ടായി പ്രവർത്തിക്കുന്ന മുപ്പതോളം ദളിത്, ആദിവാസി സംഘടനകളാണ് ഹർത്താൽ വിജയിപ്പിക്കാൻ രംഗത്ത്. 
ഭൂ അധികാര സംരക്ഷണ സമിതി, കേരള പുലയർ മഹാസഭ, ആദിവാസി ഗോത്രമഹാസഭ, ദളിത് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ്, ചേരമർ-സാംബവർ ഡവലപ്പ്‌മെന്റ് സൊസൈറ്റി, കേരള ദളിത് മഹാസഭ, ആദിവാസി മുന്നേറ്റ സമിതി, ബഹുജൻ സമാജ് പാർട്ടി, ആർ.എം.പി, ഡി.സി.യു.എഫ്, നാഷണൽ ദളിത് ലിബറേഷൻ ഫ്രന്റ്, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, നാഷണൽ അലയൻസ് ഓഫ്  ദളിത് ഓർഗനൈസേഷൻസ്, കേരള ദളിത് ഫെഡറേഷൻ, കേരള ആദിവാസി-ദളിത് ഫെഡറേഷൻ, ആദിജന മഹാസഭ,  ഇന്ത്യൻ ദളിത് ഫെഡറേഷൻ, കൊടുങ്ങല്ലൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻ മഹാസഭ, ചെങ്ങറ സമര സമിതി, അരിപ്പ ഭൂസമര സമിതി, സിറ്റിസൺസ് ഫോറം, സി.പി.ഐ (എം. എൽ), റെഡ് സ്റ്റാർ, പാലക്കാട് പട്ടികജാതി-വർഗ കോ ഓർഡിനേഷൻ കമ്മിറ്റി, കാസർകോട് പട്ടികജാതി-വർഗ കോ ഓർഡിനേഷൻ കമ്മിറ്റി, മലവേട്ടുവ സമുദായ സംഘം, പെമ്പിളൈ ഒരുമൈ, എൻ.സി.എച്ച്.ആർ.ഒ, സോഷ്യൽ ലിബറേഷൻ ഫ്രന്റ്, സാംബവർ മഹാസഭ, പോരാട്ടം, കേരള ആദിവാസി ഫോറം  തുടങ്ങിയവ  ഹർത്താൽ അനുകൂല സംഘടനകളാണ്. 
തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനും നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയാനും ഹർത്താൽ അനുകൂലികൾ ശ്രമിക്കുന്നത് സംഘർഷത്തിനു വഴിവെക്കുമെന്ന നിഗമനത്തിലാണ് പോലീസ്. 
അടിയന്തര  സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാന വ്യാപകമായി പോലീസിനെ സജ്ജമാക്കി നിർത്തിയിരിക്കയാണ്. 

 

ഹർത്താലിനെ അനുകൂലിച്ച് വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ഭാരത് ബന്ദിനോടനുബന്ധിച്ച് പോലീസ്, ബി.ജെപി ഗുണ്ടകൾ ദളിത് സമര പ്രക്ഷോഭകരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചേർത്ത് കേസെടുക്കണെമന്നാവശ്യപ്പെട്ട് കേരളത്തിലെ ദളിത് കൂട്ടായ്മ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. 
അടിച്ചമർത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങൾക്ക് ഇരയായവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദളിത് പീഡനങ്ങൾക്ക് അറുതി വരുത്തണമെന്നും സുപ്രീം കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറി കടക്കണമെന്നുമുള്ള ആവശ്യങ്ങൾ കൂടി ഹർത്താലിനുണ്ട്. 
ദളിത് ജനവിഭാഗങ്ങളുടെ പൊരുതി നേടിയ അവകാശങ്ങൾ റദ്ദ് ചെയ്യാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. മധ്യപ്രദേശിലും യു.പിയിലും രാജസ്ഥാനിലും ബിഹാറിലും ദളിത് പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസിനൊപ്പം സായുധ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുമുണ്ടായിരുന്നു. സംഘ്പരിവാറിന്റെ ജാതീയതയും സവർണാധിപത്യ നീക്കവും തുറന്നു കാട്ടേണ്ടത് അനിവാര്യമാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ വെൽഫെയർ പാർട്ടി പിന്തുണക്കുന്നതായി അദ്ദേഹം പറഞ്ഞു. 


 

Latest News