മലബാറിന്റെ വികസന കുതിപ്പിന് കരിപ്പൂർ വിമാനത്താവളം വഴി ആകാശ വീഥി തുറന്നിട്ട് മൂന്ന് നൂറ്റാണ്ട് തികയുന്നു. അത്ര വിശാലമൊന്നുല്ലാത്ത സ്ഥലത്ത് പ്രവർത്തിച്ച് പരിമിതികളിൽ പറന്ന് കുതിച്ചും കിതച്ചും മുപ്പത് വയസ്സിലെത്തിയ കരിപ്പൂർ വിമാനത്താവളം ഇന്നും എയർപോർട്ട് അതോറിറ്റിക്ക് വരുമാന പ്രതീക്ഷയുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ മുൻനിരയിലാണ്. യാത്രക്കാരുടെ എണ്ണത്തിലും കാർഗോ കയറ്റുമതിയിലും വൻ കുതിച്ചു ചാട്ടം നടത്തുന്ന കരിപ്പൂർ വിമാനത്താവളത്തിൽ 2017-18 സാമ്പത്തിക വർഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് ലഭിച്ചത്.
തൊട്ടുമുമ്പുളള വർഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. 92 കോടി രൂപയുടെ അധിക വരുമാനമാണ് കരിപ്പൂർ കഴിഞ്ഞ വർഷം മാത്രമുണ്ടാക്കിയത്. വരുമാനക്കുതിപ്പിൽ വരും വർഷം 162 കോടിയുടെ നേട്ടമാണ് കരിപ്പൂരിൽ പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണ പറയുന്നു. മുടങ്ങിയ ജിദ്ദ സർവീസ് അടക്കം മുപ്പതാമാണ്ട് പിറവിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കരിപ്പൂരിന്റെ ഇന്നലെകളിലേക്ക് ഒരു യാത്രയാണിത്.
കണ്ണംകൊട്ടുപാറയിലെ വിമാനത്താവളം
വാഴയും കപ്പയും കൃഷി ചെയ്തിരുന്ന, വേനലിൽ ഇഞ്ചി ഉണക്കാനിട്ടിരുന്ന സ്ഥലമായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഇന്ന് യന്ത്രപക്ഷികൾ ചിറകടിക്കുന്ന കണ്ണംകൊട്ടുപാറ. ഉയർന്ന പ്രദേശമെങ്കിലും കൃഷിക്ക് യോജിച്ച സ്ഥലം. പളളിക്കൽ ഗ്രാമാപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം. ഇവിടെ ഒരു വിമാനത്താവളം എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കപ്പെടുന്നത് 1980 കളിലാണ്. മലബാറിൽ ഒരു വിമാനത്താവളം എന്ന ആശയത്തിന് എഴുപതുകളുടെ തുടക്കത്തിൽ തന്നെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ വിത്തിട്ടിരുന്നു. ഒടുവിൽ മലബാറിൽ ഒരു വിമാനത്താവളം എന്ന ആശയവുമായി 1978 ൽ നട വാഹന പ്രചാരണ ജാഥയോടെ കരിപ്പൂർ വിമാനത്താവളത്തിന് നാമ്പിട്ടു.
കേരളത്തിൽ മലബാർ കേന്ദ്രീകരിച്ച് വിമാനത്താവളമെന്ന പ്രഖ്യാപനം കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തമ ലാൽകൗശിക് ആണ് പ്രഖ്യാപിച്ചത്. മലബാറിൽ വിമാനത്താവളം എവിടെ സ്ഥാപിക്കുമെന്നായിരുന്നു പിന്നീടുളള ചർച്ച. കോഴിക്കോട് വെസ്റ്റ്ഹിൽ, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രദേശം എന്നിവ പരിശോധിച്ചെങ്കിലും ഒടുവിൽ കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കണ്ണംകൊട്ടുപാറയിലായിരുന്നു. പദ്ധതി നീണ്ടതോടെ വീണ്ടും പ്രതിഷേധമുയർന്നു. പിന്നീട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഉറപ്പ് കിട്ടി. 1982 ൽ വ്യോമയാന മന്ത്രി എ.പി.ശർമ്മ കരിപ്പൂരിന് തറക്കല്ലിട്ടു. റൺവേ നിർമാണം തുടങ്ങി ആറ് വർഷത്തിന് ശേഷമാണ് കരിപ്പൂരിൽ വിമാനങ്ങൾ വന്നിറങ്ങിയത്.
യന്ത്രപ്പക്ഷികളുടെ ചിറകടി
ആകാശത്ത് വിമാനം വട്ടമിട്ട് പറന്ന് അതു പിന്നീട് റൺവേയിലൂടെ കുതിച്ചോടി, കിതച്ചു നിന്ന കാഴ്ച കരിപ്പൂരിലെ പ്രദേശവാസികളുടെ കൺമുന്നിലിൽ ഇന്നുമുണ്ട്. ആദ്യ വിമാനം 1988 മാർച്ച് 23 ന് പറന്നിറങ്ങി. വിമാനം കാണാൻ നാട്ടുകാരും ചുറ്റും കൂടി. പറന്നുയർന്നപ്പോൾ പിറകെ ഓടി. അടച്ചിടാൻ ഗേറ്റും തോക്കു ചൂണ്ടിയ പാറാവുകാരുമില്ലാതെ കരിപ്പൂരിൽ വന്നിറങ്ങിയ വിമാനത്തിന്റെ ലാന്റിംഗ് ഇന്നും ഒളിമങ്ങാത്ത ഓർമയായി നാട്ടുകാരിലുണ്ട്. കരിപ്പൂർ റൺവേയിൽ പരീക്ഷണപ്പറക്കലിനാണ് മുംബൈയിൽ നിന്നുളള ആദ്യ വിമാനമെത്തിയത്. പിന്നീട് ഏപ്രിൽ 13 ന് വിഷുത്തലേന്നാണ് കരിപ്പൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
മുംബൈയിലേക്കുളള ഇടത്താവളമായി പ്രവർത്തിച്ച കരിപ്പൂരിൽ നിന്ന് 1992 മുതൽ ഷാർജ സർവീസ് തുടങ്ങിയതോടെ മലബാറിന്റെ വികസന കുതിപ്പ് തുടങ്ങി. റൺവേ വികസനം 1996 ൽ ആരംഭിച്ച് 2001 ൽ പൂർത്തീകരിച്ച് ജിദ്ദയിലേക്കും ഹജ് സർവീസും ആരംഭിച്ചു. രാത്രികാല സർവീസിന് 2004 ൽ അനുമതിയായ കരിപ്പൂരിൽ 2006 ൽ അന്താരാഷ്ട്ര വിമാനത്താവളമാക്കിയതോടെ വിദേശ വിമാന സർവ്വീസുകൾ തുടങ്ങിയത്. എയർപോർട്ട് അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കരിപ്പൂരിൽ 2015 മെയ് മുതൽ വലിയ വിമാനങ്ങൾ പിൻവലിച്ചതോടെയാണ് താളം തെറ്റി തുടങ്ങിയത്. റൺവേക്ക് നവീകരണത്തിന് വേണ്ടി പിൻവലിച്ച വിമാനങ്ങൾ ഇപ്പോഴും സർവീസിനായി അനുമതി കാത്തിരിക്കുകയാണ്.
ആസൂത്രണമില്ലാതെ സ്ഥലമെടുപ്പ്
വിമാനത്താവളത്തിന് അനുമതി ലഭിച്ചെങ്കിലും സ്ഥലമെടുപ്പ് മുതൽ നിർമ്മാണ പ്രവൃത്തികളിൽ വരെ ദീർഘവീക്ഷണമില്ലാത്ത ആസൂത്രണങ്ങളാണ് പിൽക്കാലത്ത് കരിപ്പൂരിന് തിരിച്ചടിയായത്. മലബാറിലെ വിദേശ മലയാളികളുടെ ബാഹുല്യം പരിഗണിക്കാതെയാണ് വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ആയതിനാൽ തുടക്കത്തിൽ തന്നെ പാളിച്ചകൾ ഏറെയുണ്ടായി. വിമാനത്താവളത്തിന് വേണ്ടി 12 തവണയാണ് സ്ഥലമേറ്റെടുപ്പ് നടത്തിയത്. എന്നിട്ടും ലഭ്യമാക്കിയത് 337 ഏക്കർ മാത്രമാണ്. 2004 മുതൽ മാറിമാറി വന്ന സർക്കാർ വീണ്ടും കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പിൽ ഇതുവരെ പ്രാഥമിക സർവ്വേ പോലും നടത്താനായിട്ടില്ലെന്നതാണ് വസ്തുത. പ്രദേശവാസികളുടെ എതിർപ്പിനൊപ്പം നേരത്തെ സ്ഥലം വിട്ടുനൽകിയവർക്ക് പോലും അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർക്ക് ആയിട്ടില്ല. വിമാനത്താവളത്തിന്റെ വികസനം മുന്നിൽ കണ്ടുളള സ്ഥലമേറ്റെടുപ്പാണ് നേരത്തെ നടത്തിയിരുന്നതെങ്കിൽ വലിയ ജനക്കൂട്ടത്തെ തെരുവിലറിക്കി സ്ഥലമേറ്റെടുക്കേണ്ട ഗതികേട് സർക്കാറിനും അതോറിറ്റിക്കുമുണ്ടാകുമായിരുന്നില്ല. പ്രദേശ വാസികളുടെ എതിർപ്പിനെ തുടർന്ന് അതോറിറ്റിയും സ്ഥലമേറ്റെടുപ്പ് വിഷയത്തിൽ ഇപ്പോൾ പിറകോട്ട് പോയിരിക്കുകയാണ്.
റൺവേ നീളം കൂട്ടലും വിമാനങ്ങളുടെ ഏപ്രൺ അടക്കം കൂടുതൽ ഭൂമി വേണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. പള്ളിക്കൽ, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 385 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു തീരുമാനം. പുതിയ ടെർമിനൽ നിർമാണമാണ് പള്ളിക്കൽ വില്ലേജ് സ്ഥലത്ത് ഉദ്ദേശിക്കുന്നത്. എന്നാൽ കരിപ്പൂരിൽ 120 കോടി മുടക്കി പുതിയ ടെർമിനൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. നിലവിലെ ടെർമിനലിൽ 1500 പേരെ ഉൾക്കൊളളാൻ സാധിക്കും. പുതിയ ടെർമിനലിൽ 1000 പേർക്കും. സ്ഥലമേറ്റെടുപ്പ് അസ്ഥാനത്തായത്തോടെ പരിധിക്കുളളിൽ നിന്ന് വികസനം നടത്താനാണ് അതോറിറ്റിയുടെ തീരുമാനം.
വലിയ വിമാനങ്ങൾക്ക് തടസ്സം നിൽക്കുന്നവർ
കരിപ്പൂരിന്റെ വികസനത്തിന് എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാക്കളാണ് സി.എച്ച്. മുഹമ്മദ് കോയയും ഇ.അഹമ്മദും. 2001 ൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവ്വീസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂർ റൺവേ പ്രാപ്തമാണെന്ന് കണ്ടെത്തിയത്. ഇതിന് പിറകിൽ ഇ.അഹമ്മദ് എം.പിയുടെ ഇടപെടലുകളായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധമുയർന്നപ്പോൾ സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗമാണ് ആദ്യകാലത്ത് പ്രചോദനമായത്. വരും തലമുറക്ക് ഹജിന് പോകാൻ കരിപ്പൂരിൽ നിന്ന് കഴിയണമെന്നായിരുന്നു സി.എച്ചിന്റെ പ്രസംഗം.
സി.എച്ച് മുഹമ്മദ് കോയയുടെ വാക്ക് അന്വർത്ഥമായി. 2002 ൽ ഹജ് സർവീസിനായി കരിപ്പൂരിലെത്തിയത് എയർ ഇന്ത്യയുടെ 450 പേരെ ഉൾക്കൊളളുന്ന ജെമ്പോ വിമാനമായിരുന്നു. എന്നാൽ അന്താരാഷ്ട്ര പദവിയും, രാത്രികാല സർവീസ് അനുമതിയും വൈകിയതോടെ വിദേശ വിമാന സർവ്വീസുകൾക്ക് തിരിച്ചടിയായി. 2006 ഫെബ്രുവരിയിൽ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നൽകിയതോടെ അന്താരാഷ്ട്ര വിമാന കമ്പനികൾക്കും സർവീസിന് അനുമതിയായി. പരിമിതമായ സൗകര്യങ്ങളിലും വിമാന സർവീസുകൾ സുഖകരമായി നടത്തിയ കരിപ്പൂരിൽ 2015 ഏപ്രിൽ 30 വരെ ജമ്പോ വിമാനങ്ങൾ വന്നിറങ്ങിയിരുന്നു. പിന്നീടാണ് റൺവേ അറ്റകുറ്റപ്പണികൾക്കായി വലിയ വിമാനങ്ങൾക്കുളള അനുമതി നിഷേധിച്ചത്.
ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങൾ കഴിഞ്ഞ വർഷം ഏപ്രിൽ 30 വരെ സുഖകരമായി സർവ്വീസ് നടത്തിയത്. 2850 മീറ്റർ നീളമാണ് കരിപ്പൂർ റൺവേക്കുളളത്. എന്നാൽ കരിപ്പൂരിനേക്കാൾ കുറഞ്ഞ 2760 മാത്രം നീളമുളള ലഖ്‌നൗ വിമാനത്താവളത്തിൽ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റർ റൺവേ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരിൽ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം റൺവേ സ്ട്രിപ്പ് 150 മീറ്ററാണുളളത്. എന്നിട്ടും കരിപ്പൂരിനെ മാത്രം അവഗണിക്കുന്നു.

കരിപ്പൂർ റൺവേയും പ്രവാസികളും
കരിപ്പൂർ റൺവേയിൽ ഓരോ വിമാനവും ലാന്റ് ചെയ്യുമ്പോൾ പഴയകാല പ്രവാസികൾക്ക് അഭിമാനിക്കാം. മണലാരുണ്യത്തിൽ പ്രവാസികളൊഴുക്കിയ വിയർപ്പിന്റെ പങ്കു കൂടിയാണ് കരിപ്പൂർ റൺവേ. 1996 ലാണ് കരിപ്പൂർ ആറായിരം അടിയിൽ നിന്ന് ഒമ്പതിനായിരം അടിയായി റൺവേ നീളം കൂട്ടുന്നത്. 60 കോടിക്ക് തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കുന്നത് 120 കോടിക്കാണ്. ഈ തുക ഹഡ്‌കോയിൽ നിന്ന് വായ്പ എടുക്കുകയായിരുന്നു. ഈ തുക തിരിച്ചടയ്ക്കാനായി വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരനിൽ നിന്നും യൂസേഴ്‌സ് ഫീ പിരിക്കുകയായിരുന്നു.
റൺവേ 51 ഏക്കർ നികത്താനായി മാത്രം സമീപത്തെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കേണ്ടി വന്നത് പാരിസ്ഥിതിക ആഘാതവുമുണ്ടാക്കി. ലോകത്ത് ഇത്രയും മണ്ണിട്ടുയർത്തി പണിത ഒരു വിമാനത്താവളം വേറെയില്ല. നാലു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ജോലികൾ എട്ട് വർഷം സമയമെടുത്താണ് ചെയ്തത്. ഈ സമയത്തിനുളളിൽ നെടുമ്പാശ്ശേരിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം തന്നെ പൂർത്തിയാക്കിയിരുന്നു. മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതികത്വം മൂലമാണ് നിലവിൽ റൺവേ നീളം കൂട്ടുന്ന ജോലികളിൽ നിന്ന് അതോറിറ്റി പിന്മാറിയത്. നിലവിൽ നടക്കുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) യുടെ പ്രവൃത്തികൾ നടത്താൻ മണ്ണ് എത്തിക്കാനാവാത്തതിനാൽ എംസാന്റ് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്.
മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടതിനാൽ രാത്രികാല സർവീസിന് നാലു ലീഡിംഗ് ലൈറ്റുകളുടെ സഹായത്തോടെയാണ് വിമാനമിറങ്ങുന്നത്. സ്വിറ്റ്‌സർലാൻഡിലും ഹോങ്കോംഗ് പോലെയുള്ള വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തിൽ കോടികൾ വിലപിടിച്ച ലീഡിംഗ് ലൈറ്റുകൾ സ്ഥാപിച്ച് വിമാനങ്ങളിറങ്ങുന്നത്.
പ്രതീക്ഷ കൈവിടാതെ ആണ്ടുപിറവി
ഗൾഫ് വിമാനങ്ങൾ വർധിച്ചതോടെ മലബാറിൽ നിന്ന് ആകാശ വീഥി വഴിയുള്ള കയറ്റുമതിയും വർധിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാർഗോ കയറ്റുമതി കരിപ്പൂർ വിമാനത്താവളം വഴിയായി. മലബാറിൽ പഴം, പച്ചക്കറികൾ മുതൽ അസംസ്‌കൃത വസ്തുക്കൾ വരെ ഗൾഫിലേക്ക് വിമാനം കയറിയതോടെ പുതിയ മുന്നേറ്റമുണ്ടാക്കാനായി. 17,900 മെട്രിക് ടൺ ചരക്കുകൾ വിദേശ രാജ്യങ്ങളിലേക്കും 900 മെട്രിക് ടൺ ഉൽപന്നങ്ങൾ ആഭ്യന്തര മേഖലയിലേക്കും അടക്കം 18,800 മെട്രിക് ടൺ ഉൽപന്നങ്ങളാണ് കഴിഞ്ഞ വർഷം മാത്രം കരിപ്പൂരിൽ നിന്ന് കയറ്റി അയച്ചത്. എന്നാൽ 2016-17 വർഷത്തേക്കാൾ 35 ശതമാനത്തിന്റെ കാർഗോ കയറ്റുമതിയിൽ വർധനവുണ്ടായി.
ഇടത്തരം സർവ്വീസുകൾക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്. നിലവിൽ ഡി.ജി.സി.എക്ക് സൗദി എയർലൈൻസ് നൽകിയ സമഗ്ര റിപ്പോർട്ടിൽ വലിയ പ്രതീക്ഷകളാണുളളത്. ഇടത്തരം വിമാനങ്ങളുടെ സർവ്വീസ്, ഹജ് സർവീസ് തുടങ്ങിയവ ഇതോടെ പുനരാരംഭിക്കാനാവും. 2015 ൽ റൺെേവ ബലപ്പെടുത്തുതിനായാണ് വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തിയത്. ഇത് പൂർത്തീകരിച്ച് ഒരു വർഷമായിട്ടും പിൻവലിച്ച സർവീസുകൾ പുനരാരംഭിക്കാനായിട്ടില്ല.
റിസ നിർമാണം, 120 കോടിയുടെ ടെർമിനൽ, ഇടത്തരം വിമാനങ്ങളുടെ സർവീസ് തുടങ്ങിയവയാണ് മുപ്പതാം ആണ്ട് പിറവിയുടെ പ്രതീക്ഷ. ഇടത്തരം വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നത് വഴി വരുമാനം ഇരട്ടി വർധിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ടെർമിനൽ അടുത്ത മാസവും റിസ ജൂണിലുമാണ് പൂർത്തിയാവുക. ഇടത്തരം വിമാനങ്ങൾക്കുളള സർവ്വീസിന് ഡി.ജി.സി.എയിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.