മലപ്പുറം- വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കെ വി ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ എട്ടിനാണ് രണ്ട് പോക്‌സോ കേസുകളിൽ ശശികുമാറിന് ജാമ്യം ലഭിച്ചത്. സെന്റ് ജെമ്മാസ് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ് ശശികുമാറിനെതിരായ കേസുകളുടെ തുടക്കം. ആരോപണം ഉയർന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു. ഒടുവിൽ ഒളിവിൽ പോയ ഇയാളെ ബത്തേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആരോപണങ്ങളും കേസും ഉയർന്നതോടെ സിപിഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാർട്ടി പുറത്താക്കിയിരുന്നു. പീഡനം സംബന്ധിച്ച് അന്വേഷണത്തിനിടെ സെന്റ് ജെമ്മാസ് സ്‌കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്‌കറും ഇതിനിടെ രംഗത്തെത്തി. ശശികുമാറിനെതിരെ നേരത്തേ വിദ്യാർഥികൾ നൽകിയ പരാതികൾ സ്‌കൂൾ അധികൃതർ മുഖവിലക്കെടുത്തില്ലെന്നായിരുന്നു ആരോപണം.