തിരുവനന്തപുരം- പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭാ സമുച്ചയത്തിലെത്തി. ലോക കേരള സഭ നടക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽപെട്ട വാച്ച് ആന്റ് വാർഡ് ഇവരെ സമുച്ചയത്തിൽനിന്ന് പുറത്താക്കി.
ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയിൽ അനിതയുടെ പേര് ഇല്ലെന്ന് നോർക്ക അധികൃതർ പ്രതികരിച്ചു. ഇറ്റലിയിൽ നിന്നുള്ള പ്രതിനിധിയായാണ് നേരത്തെ അനിത ലോക കേരള സഭയിൽ അംഗമായത്. മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇന്നലെയും ഇവർ സമുച്ചയത്തിൽ എത്തിയിരുന്നു.
ഐ.ഡി കാർഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്. സഭാ ടി.വിയുടെ ഓഫീസിൽ ഇരിക്കുന്ന അനിതയുടെ ചിത്രം മാധ്യമങ്ങൾ ചിത്രീകരിക്കുമ്പോഴാണ് വാച്ച് ആന്റ് വാർഡ് എത്തി ഇവരെ പുറത്താക്കിയത്.