Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധു കേസില്‍ വിചാരണ പത്തുദിവസത്തേക്ക് സ്റ്റേ ചെയ്തു

പാലക്കാട്- മോഷണക്കുറ്റമാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ നടന്നുവന്ന വിചാരണ നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പത്തുദിവസത്തേക്കാണ് വിചാരണ ജസ്റ്റിസ് മേരി ജോസഫ് സ്‌റ്റേ ചെയ്തത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

വിചാരണ സ്‌റ്റേ ചെയ്ത ഹൈക്കോടതിക്ക് നന്ദിയുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. സാക്ഷികള്‍ കൂറുമാറിയതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും അതിനാലാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും മധുവിന്റെ കുടുംബം പറഞ്ഞു.

കേസില്‍ ഹാജരാകുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന് കേസ് നടത്താന്‍ പരിചയക്കുറവുണ്ടെന്നും ഇദ്ദേഹത്തെ മാറ്റണമെന്നും അതുവരെ വിചാരണ സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് മധുവിന്റെ മാതാവ് കോടതിയില്‍ ഹരജി നല്‍കിയത്.  പ്രാഥമിക തത്ത്വങ്ങള്‍പോലും പാലിക്കാതെയുള്ള സാക്ഷി വിസ്താരമാണ് നടക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു നേരത്തെ മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വ്യക്തമാക്കി.

 

Latest News