ദുബായ്- ക്യാപ്‌സൂള്‍ രൂപത്തിലാക്കി 1.3 കിലോ ഹെറോയിന്‍ വയറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു സഹോദരങ്ങളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ഏഷ്യക്കാരായ രണ്ടു പേരെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്. കഴിഞ്ഞ മാസമാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ദുബായ് പോലീസ് ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഈദ് മുഹമ്മദ് താനി ഹരിബ് പറഞ്ഞു.
സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മുതലെടുത്തായിരുന്നു ഇവരുടെ കള്ളക്കടത്ത്. ഇതു തിരിച്ചറിഞ്ഞ പോലീസ് എല്ലാ ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റും ഇറക്കിയിരുന്നു. ഇവര്‍ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ പിടികൂടി. പരിശോധന നടത്തിയെങ്കിലും മയക്കു മരുന്നു കണ്ടെത്താനായില്ല. പിന്നീട് ദുബായ് പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി മയക്കു മരുന്ന് വിഴുങ്ങിയതായി ഇവര്‍ വെളിപ്പെടുത്തിയത്. ഇതുപോലെ നേരത്തെയും പലതവണ മരുന്ന് കടത്തിയിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചു.
വയറ്റിലാണ് ഒളിപ്പിച്ചതെന്ന് വെളിപ്പെടുത്തിയതോടെ ഇവരെ റാശിദ് ഹോസ്പിറ്റലിലേക്ക്ു മാറ്റുകയും വിഴുങ്ങിയ ക്യാപ്‌സൂളുകള്‍ പുറത്തെടുക്കുകയും ചെയ്തു. ഒരാളുടെ വയറ്റില്‍ നിന്ന് 790 ഗ്രാം തൂക്ക വരുന്ന 61 ക്യാപ്‌സൂളുകളും രണ്ടാമന്റെ വയറ്റില്‍ നിന്ന് 538 ഗ്രാം തൂക്കമുള്ള 47 ക്യാപ്‌സൂളുകളുമാണ് ലഭിച്ചത്. മയക്കു മരുന്ന് കടത്തു കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തു.