മുംബൈ- വെൽഡൺ ബ്രാവോ! ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. ട്വന്റി20 മത്സരത്തിന്റെ ആവേശം വാനോളമുയർത്തി, ഒരു പന്ത് അവശേഷിക്കെ ചാമ്പ്യന്മാരായ മുംബൈയെ അവരുടെ തട്ടകത്തിൽ ധോണിയും കൂട്ടരും ഒരു വിക്കറ്റിന് തോൽപിച്ചു. 30 പന്തിൽ മൂന്ന് ബൗണ്ടറികളും ഏഴ് സിക്‌സറുമായി, വാംഘഡെ സ്റ്റേഡിയത്തെ കിടിലം കൊള്ളിച്ചുകൊണ്ട് 68 റൺസെടുത്ത ഡാരൻ ബ്രാവോയാണ് ചെന്നൈയുടെ വിജയ ശിൽപി. ധോണിയും (5), സുരേഷ് റെയ്‌നയും (4) അടക്കമുള്ളവർ പെട്ടെന്ന് പുറത്തായപ്പോൾ പരാജയ മുഖത്തുനിന്ന് ടീമിനെ ബ്രാവോ വിജയത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അവസാന ഓവറിൽ അവസരത്തിനൊത്തുയർന്ന കേദാർ ജാഥവ് വിജയം യാഥാർഥ്യമാക്കി. ആവേശ മത്സരത്തിലൂടെ അങ്ങനെ ഐ.പി.എൽ പതിനൊന്നാം സീസണിന് തുടക്കം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലിന് 164 എന്ന ഭേദപ്പെട്ട സ്‌കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ (18 പന്തിൽ 15) നിരാശപ്പെടുത്തിയപ്പോൾ യുവതാരങ്ങൾ ടീമിന് കരുത്തായി. ഇഷാൻ കിഷൻ (29 പന്തിൽ 40), സൂര്യകുമാർ യാദവ് (29 പന്തിൽ 43) എന്നിവർ സ്‌കോറിംഗ് വേഗം കൂട്ടി. പിന്നീട് പാണ്ഡ്യ സഹോദരന്മാരുടെ ഊഴമായിരുന്നു. ക്രുനാൽ 22 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സികസ്‌റുമായി 41 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ, പിന്തുണയുമായി ഹാർദിക്കും (20 പന്തിൽ 22) ഒപ്പം നിന്നു.
ഷെയ്ൻ വാട്‌സണും (14 പന്തിൽ 16), ആമ്പാട്ടി രായിഡുവും (19 പന്തിൽ 22) ചെന്നൈക്ക് നല്ല തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ തുടരെ വീണു. റെയ്‌നക്കും, ധോണിക്കും, രവീന്ദ്ര ജദേക്കും (13 പന്തിൽ 12) പിന്നാലെ ദീപക് ചാഹറും (0) കൂടി പുറത്തായതോടെ സ്‌കോർ 13 ഓവറിൽ ആറിന് 84. പരാജയം തുറിച്ചുനോക്കുമ്പോഴാണ് ബ്രാവോ കളത്തിലെത്തുന്നത്. മുന്നും പിന്നും നോക്കാതെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ പായിച്ച ഷോട്ടുകൾ വാംഘഡെയെ തരിപ്പിച്ചു. പത്തൊമ്പതാം ഓവറിൽ അവസാന പന്തിൽ ജസ്പ്രീത് ബുംറ, ബ്രാവോയെ പുറത്താക്കിയതോടെ ചെന്നൈ വീണ്ടും സമ്മർദത്തിലായി.കയ്യിൽ ഒരു വിക്കറ്റ് മാത്രം. ജയിക്കാൻ വേണ്ടത് ഒരോവറിൽ എട്ട് റൺസും. പക്ഷെ കേദാർ ജാഥവ് (22 പന്തിൽ 24 നോട്ടൗട്ട്) അവസരത്തിനൊത്തുയർന്നു. മുസ്തഫാസുർ റഹ്മാന്റെ നാലും അഞ്ചും പന്തുകളിൽ സിക്‌സറും ബൗണ്ടറിയും പായിച്ചാണ് ജാഥവ് ചെന്നൈക്ക് സ്വപ്ന വിജയം സമ്മാനിച്ചു.