Sorry, you need to enable JavaScript to visit this website.

ഖജനാവ് നിറയ്ക്കുന്ന ഭാഗ്യാന്വേഷികൾ


കോഴിക്കോട്-  ഭാഗ്യം ആളുകളെ തേടിയെത്തുമെന്നാണ് പറയാറ്. പക്ഷേ മലയാളികൾ ഭാഗ്യം തേടിപ്പോകുകയാണ് പതിവ്. ഇങ്ങനെ തേടിപ്പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നടന്നുപോകുന്നത്. അല്ലെങ്കിൽ കേരളം എന്നേ കുത്തുപാളയെടുത്തേനേ. ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുകയെന്നത് മലയാളി ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലമല്ല. 55 വർഷത്തോളം പഴക്കമുണ്ടതിന്. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഖജനാവ് നിറയുന്നത്. 2021-22 വർഷത്തിൽ 2000 കോടി രൂപയാണ് ലോട്ടറിയിൽ നിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ച നികുതി വരുമാനം. 1967 ലാണ് കേരള സർക്കാർ ലോട്ടറി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അന്നുമുതൽ ഇന്ന് വരെ സർക്കാറിന് കിട്ടുന്ന നികുതി വരുമാനം പടിപടിയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്ന സാധാരണക്കാരായ ലോട്ടറി ഭ്രാന്തൻമാരാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു പരിധി വരെ പിടിച്ചു നിർത്തുന്നതെന്നർത്ഥം.
കേരളത്തിലെ ലോട്ടറി വിൽപ്പനയുടെ കണക്കുകളിലേക്ക് കടക്കുമ്പോഴാണ് എല്ലാവരും അതിശയം കൂറുക. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ പ്രതിദിനം ചെലവാകുന്നത് 90 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ ലോട്ടറി ടിക്കറ്റുകളാണെന്നാണ് കണക്ക്. ആളോഹരി ടിക്കറ്റ് കണക്കാക്കിയാൽ മൂന്നിൽ ഒരാളെങ്കിലും ദിനം പ്രതി കേരള ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നുണ്ടെന്ന് സാരം. നിലവിൽ ദിനം പ്രതി 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുവാദമാണ് സംസ്ഥാന ലോട്ടറി വകുപ്പിന് ധനവകുപ്പ് നൽകിയിട്ടുള്ളത്. 
അച്ചടിക്കുന്ന ടിക്കറ്റുകളിൽ ശരാശരി അഞ്ച് ശതമാനത്തോളം ടിക്കറ്റുകൾ മാത്രമേ വിൽക്കാതെ വരുന്നുള്ളൂ. 2021-22 സാമ്പത്തിക വർഷത്തിൽ 7144.54 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് വിൽപ്പന നടത്തിയത്. അതിൽ നിന്നാണ് 2000 കോടി രൂപയുടെ നികുതി വരുമാനം. കഴിഞ്ഞ 55 വർഷത്തെ കേരള ലോട്ടറിയുടെ ചരിത്രമെടുത്താൽ 2019-20 സാമ്പത്തിക വർഷത്തിലാണ് ലോട്ടറിയുടെ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 9972.09 കോടിയുടെ ടിക്കറ്റ് വിൽപ്പനയാണ് ആ വർഷം നടന്നത്.  എന്നാൽ 1273.56 കോടി രൂപയുടെ നികുതി വരുമാനം മാത്രമാണ് ഈ വർഷം ഖജനാവിലേക്ക് ലഭിച്ചത്. ഏഴ് ലോട്ടറികളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തുന്നത്. ഇപ്പോൾ മാസത്തിൽ എല്ലാ ദിവസവും കേരള ലോട്ടറിയുടെ നറുക്കെടുപ്പുണ്ട്.
1967 ൽ കേരള ലോട്ടറി ആരംഭിച്ചപ്പോൾ ഒരു വർഷം കൊണ്ട് കേവലം 20 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിൽ നിന്ന് 14 ലക്ഷം രൂപ സർക്കാറിന് വരുമാനം കിട്ടിയതായി ലോട്ടറി വകുപ്പിന്റെ കണക്കുകളിൽ പറയുന്നു. പത്ത് വർഷം കഴിഞ്ഞ് 1977-78 വർഷത്തിൽ ലോട്ടറി വിൽപ്പന 2.16 കോടിയും സർക്കാറിലേക്കുള്ള വരുമാനം 92 ലക്ഷവുമായി ഉയർന്നു. പിന്നെയും പത്ത് വർഷം കഴിഞ്ഞ് 1986-87 വർഷത്തിലെത്തിയപ്പോൾ 10.20 കോടി രൂപയുടെ ടിക്കറ്റുകൾ വിൽക്കുകയും 2.87 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു.1996-97 വർഷത്തിലെത്തിയപ്പോൾ വിൽപ്പന 106.74 കോടിയിലെത്തി. ലാഭം 13.41 കോടിയായി. 
പത്ത് വർഷം കഴിഞ്ഞ് 2006-07ലെത്തിയപ്പോൾ 236.26 കോടി രൂപയുടെ ലോട്ടറി വിൽപ്പന നടക്കുകയും 36.36 കോടി രൂപ ലാഭം നേടുകയും ചെയ്തു. 2008-09 വർഷം മുതലാണ് ലാഭം മൂന്നക്കത്തിലേക്ക് കടന്നത്. 104.20 കോടി രൂപയാണ് ഈ വർഷം സർക്കാറിന് ലാഭം കിട്ടിയത്. 2014-15 മുതൽ ലാഭം നാലക്കത്തിലെത്തി. ആ വർഷം 5445.43 കോടി രൂപയുടെ ടിക്കറ്റ് വിൽക്കുകയും 1168.26 കോടി രൂപയുടെ നികുതി വരുമാനം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് വലിയ കുതിപ്പ് വിൽപ്പനയിലും വരുമാനത്തിലും ഉണ്ടായെങ്കിലും കോവിഡ് കാലത്ത് വലിയ തിരിച്ചടി നേരിട്ടു. കോവിഡ് രൂക്ഷമായ 2020-21 സാമ്പത്തിക വർഷത്തിൽ 4910.83 കോടി രൂപയുടെ ടിക്കറ്റ് മാത്രമാണ് വിറ്റത്. നികുതി വരുമാനം 1375.04 കോടി രൂപയായിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവെച്ചിരുന്നു.
കേരള ലോട്ടറി ആരംഭിച്ചത് മുതൽ ഇതുവരെ ഏതാണ്ട് 72,000 കോടി രൂപയുടെ ടിക്കറ്റുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മാത്രം 6602 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാറിന് ലഭിച്ചത്. ലോട്ടറി വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രൈസ് നൽകുന്നതിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. 28 ശതമാനത്തോളമാണ് നികുതിയിനത്തിൽ ഖജനാവിലേക്ക് ലഭിക്കുന്നത്. ലോട്ടറി വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു ശതമാനവും വിവിധ ക്ഷേമ പദ്ധതികൾക്കായാണ് ഉപയോഗിക്കുന്നതെന്നാണ് സർക്കാറും ലോട്ടറി വകുപ്പും പറയുന്നത്. ഒരു ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഉൾപ്പടെ ശരാശരി 2.75 ലക്ഷം പ്രൈസുകൾ നൽകുന്നുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. 
ലോട്ടറിയിലൂടെ ഭാഗ്യം മാടി വിളിച്ചിട്ടും ടിക്കറ്റുകൾ കൈമോശം വന്നതിനാലോ അല്ലെങ്കിൽ നറുക്കെടുപ്പിന് ശേഷം ടിക്കറ്റിൽ ഭാഗ്യമുണ്ടോയെന്ന് പരിശോധിക്കാത്തതിനാലോ, മറ്റ് കാരണങ്ങളാലോ തങ്ങളുടെ ഭാഗ്യം വാങ്ങാനെത്താത്ത ആയിരക്കണക്കിന് ഭാഗ്യവാൻമാരുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇത്തരത്തിൽ 290 കോടിയിലേറെ രൂപ ഭാഗ്യവാൻമാർ കൈപ്പറ്റിയിട്ടില്ലെന്നാണ് കണക്ക്. ഈ തുക മുഴുവൻ സർക്കാറിലേക്ക് മുതൽ കൂട്ടിയിരിക്കുകയാണ്.
ഏതായാലും ഭാഗ്യാന്വേഷികൾ തന്നെയാണ് ഈ നാടിന്റെ ഐശ്വര്യമെന്ന കാര്യത്തിൽ ലോട്ടറിയുടെ വിൽപ്പന കണക്കുകൾ പരിശോധിക്കുന്ന ആർക്കും സംശയമുണ്ടാകില്ല.

 

ലോട്ടറി വിൽപ്പനയുടെ കണക്ക്
(തുക കോടിയിൽ)

വർഷം     വിൽപ്പന           നികുതി

2011-12    1287.08    394.87
2012-13    2778.80    681.76
2013-14    3793.72    788.42
2014-15    5445.43    1168.26
2015-16    6317.73    1461.16
2016-17    7394.91    1691.05
2017-18    8977.24    841.68
2018-19    9262.70    1111.52
2019-20    9972.09    1273.56
2020-21    4910.83    1375.04
2021-22     7144.54    2000.47

Latest News