തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടരുമെങ്കിലും സർക്കാരു സ്വപ്നയും ഒത്തുതീർപ്പിലെത്തുമോയെന്ന് യു.ഡി.എഫിന് ഭയം. സ്വപ്‌നയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ഏറ്റുപിടിക്കേണ്ടെന്നാണ് യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നത്.
അതേസമയം,വഴി തടയല്‍ സമരം അടക്കമുള്ളവ തുടരും. ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. സ്വപ്നയുടെ ആരോപണങ്ങളില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനും തീരുമാനമായി.
സ്വപ്‌നയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംശയ നിഴലിലാക്കിയെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്വപ്ന രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവസ്വഭാവമുള്ളതാണ്. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരായ കേസ് തേച്ച് മായ്ച്ചു കളഞ്ഞു. ഇതിന് കാരണം സിപിഎം-ബിജെപി രഹസ്യ ബന്ധമാണ്. സ്വപ്നയുടെ മൊഴി വിശ്വസിക്കാതിരിക്കണമെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളില്‍ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല മുസ്ലീംലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.