കൊച്ചി- തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും മുൻമന്ത്രി കെ.ടി.ജലീൽ.
ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്കിലെ പ്രതികരണം.
യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെടി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു..കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.