കോഴിക്കോട്-എഴുത്തുകാരന്‍ വി.ആർ സുധീഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് പ്രസാധകയായ യുവതിക്ക് ഭീഷണി. മാക്ബത്ത് പബ്ലിക്കേഷൻസ് എഡിറ്ററും എഴുത്തുകാരിയുമായ എം എ ഷഹനാസിനാണ് 'വി ആര്‍ സുധീഷ് ഫാന്‍സ്' എന്ന പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. ദുർബലമായ വകുപ്പുകൾ ചേർത്ത് പോലീസ് സുധീഷിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു
എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഷഹനാസിന്‍റെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു വി ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഭീഷണികളും തുടങ്ങിയെന്ന് ഷഹനാസ് പറയുന്നു.ഭീഷണിക്കത്തിലുടനീളം അസഭ്യവര്‍ഷവുമാണ്. കളിക്കുന്നതാരോടാണെന്ന് അറിയില്ലെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി.
നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. മാനാഞ്ചിറയില്‍ നിന്നാണ് ഷഹ്നാസിന്‍റെ കൊട്ടാരം റോഡിലുള്ള മാക്ബത്ത് പബ്ലിക്കേഷനിലേക്ക് കത്തയച്ചിരിക്കുന്നത്. വി ആര്‍ സുധീഷ് ഫാൻസ് എന്ന പേരിൽ വന്ന കത്ത് അയച്ചത് സുധീഷ് തന്നെയാണെന്ന് സംശയമുണ്ടെന്ന് എം എ ഷഹനാസ് ആരോപിച്ചു.
കത്തിലെ കൈയക്ഷരത്തിന് സുധീഷിന്‍റെ കൈയക്ഷരവുമായി സാമ്യമുണ്ട്. സുധീഷ് തന്നെയാണ് സുധീഷിന്‍റെ ആരാധകനെന്നും വേറെയാരും ഇത്ര മോശമായ ഭാഷയില്‍ കത്തയക്കുമെന്ന് കരുതുന്നില്ലെന്നും ഷഹനാസ് പറഞ്ഞു. പരാതി നല്‍കിയ ശേഷം പിന്തുണച്ച ബെന്യാമിന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരെയും കത്തില്‍ അപമാനിക്കുന്നുണ്ട്.
ഗൗരവമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തില്ലെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കാൻ വേണ്ടി കേസ് ദുർബലമാക്കിയെന്നും ഷഹനാസ് പോലീസിനെതിരെ ആരോപണമുന്നയിക്കുന്നു. വി ആര്‍ സുധീഷിൻറെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ആരോപണവിധേയൻറെ വീട് കാണിക്കാൻ പോലീസുകാർ വിളിച്ച് വരുത്തിയെന്നും പരാതിക്കാരി പറയുന്നു.