Sorry, you need to enable JavaScript to visit this website.

ദുബായിൽ കുരങ്ങുപനി ബാധിക്കുന്നവർക്ക് 21 ദിവസം ഒറ്റപ്പെടൽ നിർബന്ധം

ദുബായ്- ദുബായിൽ കുരങ്ങുപനി ബാധിച്ചവർ 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള മുതിർന്നവർക്ക്  വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാമെന്ന് ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

38.5 ഡിഗ്രിയിൽ കൂടുതൽ പനി ഉള്ളവരും ശരീരത്തിന്റെ ഉപരിതലത്തിന്റെ 30 ശതമാനത്തിലധികം ചുണങ്ങുള്ളവരും മാറിക്കൊണ്ടിരിക്കുന്ന പ്രധാന ലക്ഷണങ്ങളുള്ളവരും ആശുപത്രിയിൽ കഴിയണം. ഗർഭിണികളും ആറ് വയസ്സിന് താഴെയുള്ള കുട്ടികളും  പ്രായമായ രോഗികളും ഗുരുതരാവസ്ഥയിലുള്ള രോഗികളും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രികളിൽ തന്നെ ഐസൊലേഷനിൽ കഴിയണം.

യു.എ.ഇയിൽ അഞ്ച് പുതിയ കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചതായി ഈ മാസാദ്യം ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ രണ്ടു പേർ സുഖം പ്രാപിച്ചതായും അറിയിച്ചിരുന്നു.

മെയ് 24 ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള ഒരു യാത്രക്കാരന് രോഗം കണ്ടെത്തിയതായിരുന്നു ആദ്യത്തെ കേസ്.യാത്രകളിലും സാമൂഹിക ഒത്തുചേരലുകളിലും രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.


രോഗബാധിതനായ വ്യക്തിയിൽനിന്ന് ശരീരസ്രവങ്ങൾ വഴിയും  വ്രണങ്ങൾ പകർന്നും രോഗം വ്യാപിക്കാമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)മുന്നറിയിപ്പ് നൽകുന്നു. രോഗികൾ സ്പർശിച്ച വസ്ത്രങ്ങൾ വഴിയും കുരങ്ങുപനി പടരാം. അമ്മമാരിൽ നിന്ന് ഗർഭപാത്രത്തിലെ കുഞ്ഞുങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്.

ഐസൊലേഷൻ കാലയളവിൽ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കും.തലവേദന, പനി, പേശിവേദന, ക്ഷീണം, ചർമ്മത്തിലെ പ്രത്യേക വ്രണങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. രോഗം പിടിപെടുന്ന മിക്ക ആളുകളും സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. അതേസമയം, ഏകദേശം 10 ശതമാനം മരണനിരക്കുമുണ്ട്.

Latest News