ഇടുക്കി- അര്‍ബുദ ചികിത്സാ സഹായനിധി സ്വരൂപിക്കുക എന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് തട്ടിപ്പു നടത്തിയ സംഘത്തിലെ ആറ് പേര്‍ ഇടുക്കിയില്‍ അറസ്റ്റിലായി. വണ്ടന്മേട് എസ്.ഐ ഷൈജു ഒ.ജിയുടെ നേതൃത്വത്തില്‍ ആണ് പിടികൂടിയത്.
സംഘത്തലവന്‍ തിരുവനന്തപുരം സ്വദേശി ഷിജുമോന്‍, വയനാട് വൈത്തിരി സ്വദേശികളായ പ്രിന്‍സ് തോമസ്, ഹെന്‍ട്രി തോമസ്, രാജന്‍ ഹരിദാസ്, സിബിന്‍ കുര്യന്‍, മാനന്തവാടി സ്വദേശി സുധിന്‍ തങ്കപ്പന്‍ എന്നിവരാണ് പിടിയിലായത്. കേരളാ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത സംഘം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനെ കൊണ്ട് ഫ്‌ളാഗ് ഓഫ് ചെയ്യിച്ച ശേഷമാണ് തട്ടിപ്പു യാത്ര തുടങ്ങുന്നത്. കുറച്ച് ചെറുപ്പക്കാര്‍ നല്ല മനസ്സോടെ ചെയ്യുന്ന പ്രവൃത്തി എന്ന് കണ്ടായിരുന്നു എം.എല്‍.എ ഈ ചടങ്ങിനെത്തിയത്. എന്നാല്‍ പിന്നീട് യാത്രയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് വെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പിരിച്ചെടുത്ത പണം മുഖ്യ പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. പിടിയിലാകുമ്പോള്‍ അണക്കരയിലെ വ്യാപാരികളില്‍ നിന്നും പിരിച്ചെടുത്ത 19,300 രൂപ പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. നെടുങ്കണ്ടത്ത് സമാന രീതിയില്‍ പണം തട്ടുന്ന സംഘത്തെ നേരത്തെ പിടികൂടിയിരുന്നു. ഇത് അറിയാവുന്ന സതീഷ് ചന്ദ്രന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഇന്നലെ വൈകിട്ട് ഇവരുടെ പണപ്പിരിവ് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ഐ.പി.സി 420 അനുസരിച്ച് കേസ് എടുത്തതായി വണ്ടന്‍മേട് പോലീസ് അറിയിച്ചു.