Sorry, you need to enable JavaScript to visit this website.

പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണം- മുഖ്യമന്ത്രി

തിരുവനന്തപുരം- പ്രവാസികളും പ്രവാസി മാധ്യമപ്രവര്‍ത്തകരും കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനകാര്യത്തില്‍ അതീവതല്‍പരരാണ് പ്രവാസി സമൂഹം. വികസിത, വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസന പദ്ധതികള്‍ക്കാണു കേരളത്തില്‍ തുടക്കം കുറിച്ചത്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ളതല്ല, കുറഞ്ഞത് 25 വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ നയസമീപനരേഖ മുഖ്യമന്ത്രിയില്‍നിന്നും മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ സ്വീകരിച്ചു. മാധ്യമങ്ങള്‍തന്നെ വാര്‍ത്തയാകുന്ന കാലമാണ് കടന്നു പോകുന്നതെന്ന് ശശികുമാര്‍ പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ വിദ്വേഷ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് ഉള്ളത്. വെളിപ്പെടുത്തലുകളും ആരോപണവും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ സംരക്ഷണമില്ലാതെ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. കേരള മീഡിയ അക്കാഡമിയുടെ ഇന്ത്യന്‍ മീഡിയ പഴ്‌സന്‍ അവാര്‍ഡ് ബര്‍ഖാ ദത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. പ്രശസ്തിപത്രത്തിന്റെ അവതരണം ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി ലേഖിക രമാ നാഗരാജന്‍ നിര്‍വഹിച്ചു.

പ്രവാസി മലയാളികളായ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ശശികുമാറിന്റെ മാധ്യമജീവിതം അടയാളപ്പെടുത്തിയ, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡോക്യുഫിലിമിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ചടങ്ങില്‍ അധ്യക്ഷനായി. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

 

Latest News