Sorry, you need to enable JavaScript to visit this website.

രാജേഷ് വധം: അന്വേഷണ സംഘം ദോഹയിലേക്ക്; പങ്കില്ലെന്ന് സത്താറും മുന്‍ഭാര്യയും

ദോഹ- കിളിമാനൂരിനടുത്ത് മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഉടന്‍ ഖത്തറിലെത്തും. ആഭ്യന്തര മന്ത്രാലയത്തില്‍ വിദേശ യാത്രക്കുളള അനുമതിക്കായി സംഘം അപേക്ഷ നല്‍കിയതായാണ് വിവരം. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കേരള പോലീസ് സംശയിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശി സത്താറിനെയും കൊലപാതകം നടത്തി ദോഹയിലേക്ക് കടന്ന പ്രതികളെയും കണ്ടെത്തുക എന്ന ദൗത്യവുമായാണ് പോലീസ് സംഘം വരുന്നത്. കൊല്ലപ്പെട്ട രാജേഷുമായി സൗഹൃദത്തിലായിരുന്ന നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവാണ് സത്താര്‍.
അതേസമയം, തന്റെ മുന്‍ഭര്‍ത്താവിനും അദ്ദേഹത്തിന്റെ ജിംനേഷ്യത്തിലെ ട്രെയിനര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. രാജേഷുമായുള്ള ബന്ധത്തെ ഭര്‍ത്താവ് സംശയിച്ചതിനെച്ചൊല്ലിയാണ് വിവാഹ മോചനം നേടിയത്. രാജേഷും കുടുംബവുമായി തനിക്ക് നല്ല ബന്ധമായിരുന്നു. താനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് രാജേഷ് കൊല്ലപ്പെട്ടതെന്നും നിലവിളി ഫോണിലൂടെ കേട്ടതായും ഇക്കാര്യം രാജേഷിന്റെ അമ്മയേയും സുഹൃത്തിനേയും അറിയിച്ചതായും ഇവര്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുമ്പ് ക്ലബ് എഫ്.എം റേഡിയോ ജോക്കി കൂടിയായിരുന്ന രാജേഷ് യുവതിയുമായി സ്ഥാപിച്ച അവിഹിത ബന്ധത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം ക്വട്ടേഷന് പിന്നില്‍ പോലീസ് സംശയിക്കുന്ന സത്താറിനും മുന്‍ ഭാര്യയായ യുവതിക്കും ഖത്തറില്‍ യാത്രാ വിലക്കുണ്ട്. അതുകൊണ്ട് പോലീസ് ഖത്തറിലെത്തിയാലും മൊഴിയെടുക്കുകയല്ലാതെ ഇവരെ കേരളത്തിലെത്തിക്കുക എളുപ്പമായിരിക്കില്ല. ഇരുവരും കൂടി ആരംഭിച്ച ചില സ്ഥാപനങ്ങള്‍ പൊളിഞ്ഞതിനെ തുടന്നുണ്ടായ സാമ്പത്തിക നഷ്ടവും തുടര്‍ന്നുളള കേസുകളുമാണ് ഇരുവര്‍ക്കും യാത്രാവിലക്കിനു കാരണം.
രാജേഷിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് സത്താര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റേഡിയോ ആയ പ്രസ് ഫോര്‍ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. രാജേഷും യുവതിമായുളള ബന്ധത്തില്‍ സംശയം തോന്നിയതോടെ താന്‍ യുവതിയുമായുളള വൈവാഹിക ബന്ധം ഖത്തറില്‍ വെച്ച് നിയമപരമായി അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജേഷിനോട് തനിക്ക് പ്രത്യേകിച്ച് പ്രതികാരമൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  മുന്‍ ഭര്‍ത്താവ് സത്താര്‍, രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം യുവതിയും വ്യക്തമാക്കിയിരുന്നു. താന്‍ രാജേഷുമായി സ്‌നേഹത്തിലായിരുന്നുവെന്നും രാജേഷേുമൊത്തുളള ജീവിതം താന്‍ ആഗ്രഹിച്ചിരുന്നതായും അവര്‍ പറഞ്ഞു. 
താനുമായുളള ബന്ധത്തിന്റെ കാരണത്താല്‍ ഖത്തറില്‍നിന്നു പോകേണ്ടിവന്ന രാജേഷിന് താന്‍ പലതവണ പണം അയച്ചു കൊടുത്തതായും യുവതി പറഞ്ഞു. കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ മലയാളി സമാജത്തില്‍ നൃത്താധ്യാപികയായി എത്തിയ യുവതി ഇപ്പോള്‍ വര്‍ഷങ്ങളായി എംബസിക്ക് കീഴിലെ ഐ.സി.സിയില്‍ നൃത്താധ്യാപികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ യുവതിയുടെ പേര്‍ ഉള്‍പ്പെട്ടിട്ടും യുവതിയെ ഐ.സി.സി മാറ്റിനിര്‍ത്തുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ല. വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും എംബസിയില്‍നിന്നു കിട്ടുന്ന നിര്‍ദേശം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് ഐ.സി.സി ഭാരവാഹികള്‍ വ്യക്തമാക്കിയത്. 

Latest News