സ്വാശ്രയ മെഡിക്കൽ പ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് കേരള ഗവണ്മെന്റിന് കിട്ടിയ പ്രഹരം ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റതിന്റെ 61-ാം വാർഷിക ദിനത്തിലായത് ഏറെ ലജ്ജാകരമായി. 61 വർഷം മുമ്പത്തെ ആ ചരിത്ര സംഭവത്തെ സാമൂഹിക വിപ്ലവമെന്നാണ് മാധ്യമങ്ങളിലൂടെ കേരള സർക്കാറിന്റെ പരസ്യത്തിൽ വിശേഷിപ്പിച്ചത്. ആ ചരിത്ര പൈതൃകത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യഥാർത്ഥത്തിൽ 'പിണറായി വിജയൻ സർക്കാർ.' നിയമ ലംഘനത്തെയും അഴിമതിയെയും ബി.ജെ.പി ഉൾപ്പെടെ പ്രതിപക്ഷമാകെ നിയമ നിർമ്മാണം വഴി 'ക്രമപ്പെടുത്തുന്ന' അത്യസാധാരണമായ നടപടിക്ക് ചൂട്ടുപിടിച്ചതും വിചിത്രമായി.
'പ്രതീക്ഷകൾ പകർന്ന് പിണറായി വിജയൻ സർക്കാർ സദ്ഭരണത്തിന്റെ കർമ്മനിരതമായ മൂന്നാം വർഷത്തിലേക്ക്' എന്നാണ് മറ്റൊരു ഏപ്രിൽ 5 ചരിത്രത്തിൽ പിറന്നുവീണപ്പോൾ കേരള സർക്കാർ പരസ്യം അവകാശപ്പെട്ടത്. മണിക്കൂറുകൾക്കകം സുപ്രീംകോടതിയിൽനിന്ന് പ്രതിധ്വനിയുണ്ടായി: ഓർഡിനൻസ് സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാൻ ഉദ്ദേശിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. നിയമസഭയുടെ അധികാരം കോടതി ഉത്തരവിനെ അസാധുവാക്കാനല്ല ഉപയോഗിക്കേണ്ടത്.
പ്രതിപക്ഷവും ഭരണപക്ഷവും കൈ-മെയ് മറന്ന് തലേന്നാൾ ഒറ്റയടിക്ക് പാസാക്കിയെടുത്ത ഓർഡിനൻസ് നിയമമാക്കുന്ന ബില്ലും ഇതോടെ ത്രിശങ്കുവിലായി. സാമൂഹിക വിപ്ലവത്തിന്റെ അറുപതാണ്ടിന്റെ വഴിയിൽ നിയമസഭയിൽ നടന്ന ഇരട്ട പ്രസവത്തിന്റെ ദുരന്തം.
സുപ്രീം കോടതി വിധി അപ്രതീക്ഷിതമായിരുന്നില്ല. ഓർഡിനനൻസ് റദ്ദാക്കുമെന്ന് സുപ്രീം കോടതിയിൽ നിന്നു തന്നെ സൂചനകൾ ഉണ്ടായിരുന്നു. വി.ടി ബൽറാം അതു സഭയിൽ ചൂണ്ടിക്കാട്ടാൻ സത്യസന്ധത കാട്ടിയിട്ടും ഉത്തരവ് വരും മുമ്പേ ബിൽ നിയമമാക്കി ചുട്ടെടുക്കുകയായിരുന്നു. റിസ്‌ക്ക് എടുക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിയമസഭയുടെ ഭരണഘടനാദത്തമായ അധികാരം അറിഞ്ഞുകൊണ്ട് ദുരുപയോഗപ്പെടുത്തിയതിന്റെ നഗ്നമായ സാക്ഷ്യപ്പെടുത്തലുണ്ട്.
ഇ.എം.എസിന്റെ പാർട്ടിയുടെയും ഗവണ്മെന്റിന്റെയും പിൻതുടർച്ചക്കാരുടെ നേതൃത്വത്തിൽ നടന്നത് വിചിത്രവും വൈരുദ്ധ്യാത്മകവുമാണ്. കേരളത്തിന്റെ നിയമ നിർമ്മാണ സഭയെ 'സൂപ്പർ സുപ്രീംകോടതി'യാക്കി മാറ്റാൻ നടത്തിയ പരിശ്രമമാണ് സുപ്രീംകോടതി തടഞ്ഞത്. കുറെ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന് എന്ന തിരശ്ശീലയ്ക്കു പിന്നിൽ മുഖ്യമന്ത്രിയും ഭരണ-പ്രതിപക്ഷവും കൂട്ടായി മറച്ചുപിടിക്കുന്നതു കോടികളുടെ അഴിമതിയും നിയമ ലംഘനങ്ങളുമാണ്. അവയെ ക്രമവത്കരിക്കാനും നിയമപരമായി വ്യവസ്ഥപ്പെടുത്താനുമാണ് ശ്രമിച്ചത്.
തലവരിപ്പണമെന്ന പേരിൽ കോഴ വാങ്ങി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കണ്ണൂർ കരുണ മെഡിക്കൽ കോളജുകളിൽ പ്രവേശത്തിന് 45 ലക്ഷം മുതൽ കോഴ വാങ്ങിയിട്ടുണ്ട്. പ്രവേശ പരീക്ഷ സംബന്ധിച്ചും 50:50 എന്ന മാനേജ്‌മെന്റ് - സർക്കാർ പ്രവേശ അനുപാതം സംബന്ധിച്ചും സംസ്ഥാന ഗവണ്മെന്റിന്റെ വ്യവസ്ഥകളും നിബന്ധനകളും കാറ്റിൽ പറത്തിയാണ് മാനേജ്‌മെന്റുകൾ പ്രവർത്തിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ നിയമം ലംഘിച്ച് സർക്കാറിനെ വെല്ലുവിളിച്ച് അവർ കോടികൾ കോഴയായി പറ്റുകയായിരുന്നു.
ഇത് അന്വേഷിച്ച് തെളിവുകൾ കണ്ടെത്തി നടപടിയെടുത്തത് ഗവണ്മെന്റ് നിയോഗിച്ച ജെയിംസ് കമ്മിറ്റിയാണ്. ഈ നിയമ ലംഘനങ്ങൾ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത് ക്രമവിരുദ്ധമായത്. കുട്ടികളുടെ പ്രവേശം റദ്ദാക്കിയത്. എന്നിട്ടും ക്രമത്തിലാക്കാൻ സർക്കാറും പ്രതിപക്ഷവും സ്പീക്കറും നിയമസഭയെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. സുപ്രീംകോടതിയുടെ രൂക്ഷ വിമർശം നേരിട്ടിട്ടും നിയമസഭയിൽ ബിൽ പാസാക്കുകയും ഗവർണർക്ക് അയക്കുകയും ചെയ്തു. ഇതിന് മുഖ്യമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ: 'കുറെ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന് പൊതുസമൂഹവും രക്ഷിതാക്കളും നിർബന്ധിച്ചു. നിയമസഭയും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായിരുന്നു. ഒരു റിസ്‌ക്ക് ആണ് സർക്കാർ എടുത്തത്. 'എന്തൊരസംബന്ധം! നിയമ വിരുദ്ധമായി കോടികളുടെ കോഴപ്പണത്തിനു വേണ്ടി സർക്കാറിനെയും നിയമങ്ങളെയും വെല്ലുവിളിച്ച് രണ്ട് കോളേജ് മാനേജ്‌മെന്റുകൾ ചെയ്ത തീവെട്ടിക്കൊള്ളക്കും ക്രിമിനൽ കുറ്റങ്ങൾക്കും നിയമ നിർമ്മാണത്തിലൂടെ എങ്ങനെ സംരക്ഷ നൽകും. നിയമ വാഴ്ചയെയും സ്വന്തം സർക്കാറിന്റെ തന്നെ ഭരണ നടപടികളെയും പ്രതിപക്ഷത്തിന്റെ പിൻബലത്തിൽ ഒരു ഗവണ്മെന്റ് അട്ടിമറിച്ച ഗൗരവമായ പ്രശ്‌നമാണ് ഇതിൽ മുഴച്ചുനിൽക്കുന്നത്. ഇരു കോളേജുകളുടേയും മാനേജ്‌മെന്റുകൾ ചമച്ച വ്യാജരേഖകൾ പോലെ ഗവണ്മെന്റ് പുറപ്പെടുവിച്ച ഓർഡിനൻസിനും നിയമസഭ പാസാക്കിയ ബില്ലിനും കപട മുഖങ്ങളുണ്ട്.
മാത്രമല്ല, മെറിറ്റ് ലിസ്റ്റിൽ റാങ്കിൽ ലക്ഷങ്ങൾ പിന്നിൽ കിടന്നവരാണ് പണത്തിന്റെ മെറിറ്റിൽ പ്രവേശനം നേടിയവർ. ഇവർ ഡോക്ടർമാരായി പുറത്തു വന്നാലുണ്ടാകുന്ന സാമൂഹ്യ അപകടം മൂടിവെക്കുകയാണ് സർക്കാർ ചെയ്തത്.
വിദ്യാർത്ഥികളുടെ ഭാവിയുടെ പേരിൽ മാനേജ്‌മെന്റുകൾ ചെയ്തുകൂട്ടിയ അതിഭീകര നിയമ വിരുദ്ധ കൃത്യങ്ങളെ നിയമസഭ എങ്ങനെ നിയമപരമാക്കും? സുപ്രീംകോടതിക്ക് അതെങ്ങനെ കണ്ടില്ലെന്നു നടിക്കാനാകും? നേരത്തെ സുപ്രീംകോടതിയിൽനിന്ന് ചില കോളേജുകൾ വിദ്യാർത്ഥികളുടെ കാര്യത്തിൽ സഹാനുഭൂതി നേടിയിട്ടുണ്ടെന്നതോ യോഗ്യതയുള്ള ഏതാനും വിദ്യാർത്ഥികൾ ഇതിൽ പെട്ടുപോയതോ കാരണമാക്കി ഇത്തരമൊരു നിയമ നിർമ്മാണം ഗവണ്മെന്റും നിയമസഭയും ചേർന്ന് ചെയ്യാൻ പാടില്ലാത്തതായിരുന്നു. തൂക്കുകയർ കൊടുക്കേണ്ട ഒരു കൊടുംകുറ്റവാളിയുടെ മക്കളുടേയോ കുടുംബത്തിന്റെയോ ദൈന്യത പരിഗണിച്ച് ശിക്ഷ വിധിക്കാതിരിക്കാനോ ചെയ്തത് കുറ്റമല്ലെന്ന് വിധിക്കാനോ നീതിപീഠങ്ങൾക്കാകുമോ? വിദ്യാർത്ഥി പ്രവേശം സംബന്ധിച്ച് രണ്ടു സ്വാശ്രയ കോളേജുകളിലും നിയമം കാറ്റിൽ പറത്തിയതിന്റെയും വ്യാജ രേഖകൾ സൃഷ്ടിച്ചതിന്റെയും മറ്റും ഞെട്ടിക്കുന്ന വിവരങ്ങൾ 2016ൽ കേരള ഹൈക്കോടതി കണ്ടെത്തി വിധി പ്രസ്താവിച്ചതാണ്. നീതിയും നിയമവും നടപ്പാക്കേണ്ട ചുമതലയുള്ള പിണറായി സർക്കാർ ഇതുവരെ എന്തു ചെയ്യുകയായിരുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ ഭാവി സുരക്ഷിതമാക്കാൻ എന്തുകൊണ്ട് മറ്റു വഴികൾ തേടിയില്ല. ഇതിനെല്ലാം കാരണക്കാരായ, എല്ലാം കോടതികൊണ്ടും പണംകൊണ്ടും നേടാൻ കഴിയുമെന്ന് അഹങ്കരിച്ച, കോഴ വാങ്ങി വിദ്യാർത്ഥികളെ വഴിയാധാരമാക്കിയ മാനേജ്‌മെന്റുകൾക്കെതിരെ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല? എല്ലാവരും പറഞ്ഞതുകൊണ്ട് എല്ലാം കഴിഞ്ഞ ശേഷം നിയമ നിർമ്മാണം നടത്തി ഒരു പ്രശ്‌നപരിഹാരം. ഇതാണോ സദ്ഭരണത്തിന്റെ കർമ്മനിരത? വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണീരുകൊണ്ട് ഇളകുന്ന മനസ്സല്ല പിണറായി ഗവണ്മെന്റിന്റേതെന്ന് ഇതിനകം പലവട്ടം വ്യക്തമായതാണ്. സ്വാശ്രയ കോളേജ് വിഷയത്തിൽ നടന്ന സംഭവങ്ങൾ ഇനിയും വിവരിക്കേണ്ടതില്ല. കീഴാറ്റൂർ നെൽവയൽ വിഷയത്തിൽ സി.പി.എം മുഖ്യമന്ത്രിയാണ് എന്നു കരുതി സമരം നടത്തിയാൽ വകവെക്കില്ലെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. ദേശീയ പാതയിലെ ബൈപാസ് പ്രശ്‌നത്തിൽ മലപ്പുറം ജില്ലയിൽ സ്ത്രീകളും കുട്ടികളും നടത്തുന്ന സമരത്തിനു നേരെ പോലീസിനെ അഴിച്ചുവിട്ടത്. രണ്ട് സ്വാശ്രയ കോളേജുകളുടെയും പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ ഉടമസ്ഥതയോടുള്ള സ്‌നേഹ വാത്സല്യമാണ് സ്വാശ്രയ കേസിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്ന് വ്യക്തം.
മോഡി ഗവണ്മെന്റിനെ താഴെയിറക്കാൻ, ആ ഗവണ്മെന്റിന്റെ നയങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസുമായി തൊട്ടുകൂടെന്ന് വാദിക്കുന്ന മുഖ്യമന്ത്രി. കോൺഗ്രസുമായി മാത്രമല്ല ബി.ജെ.പിയുമായും ചേർന്ന് സുപ്രീം കോടതിവിധി അട്ടിമറിക്കാൻ നിയമ നിർമ്മാണത്തിന് മുതിർന്നതിനു പിന്നിൽ ഉള്ള താൽപര്യം ഗൗരവമായ അന്വേഷണം ആവശ്യപ്പെടുന്നു. 1957 ഏപ്രിൽ 5ന് അധികാരത്തിലേറ്റ ഇ.എം.എസ് ഗവണ്മെന്റ് പ്രഖ്യാപിച്ചത് പ്രസ്ഥാനത്തിനുവേണ്ടി ജീവത്യാഗം വരിച്ച ആയിരക്കണക്കിനുള്ള രക്തസാക്ഷികളുടെ പാവനസ്മരണ ഉൾക്കൊള്ളുന്നതാണ് ഗവണ്മെന്റിന്റെ ഭരണ നയമെന്നാണ്. ആ നയത്തിന്റെ തുടർച്ചയാണെങ്കിൽ സ്വാശ്രയ നയത്തിനെതിരെ ജീവൻ ബലിയർപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷികളുടെ കൂടി പാവനസ്മരണ പിണറായി ഗവണ്മെന്റിന്റെ നയത്തിൽ പ്രതിഫലിക്കണം. അതിനു പകരം പാപത്തിന്റെ രക്തക്കറ ഇറ്റിച്ചുകൊണ്ടാണ് ഇ.എം.എസ് തുടങ്ങിവെച്ച സാമൂഹിക വിപ്ലവം സദ്ഭരണമായി പിണറായിയുടെ ഗവണ്മെന്റ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ നിയമ നിർമ്മാണം അതാണ് വെളിപ്പെടുത്തുന്നത്.
ഭരണഘടനയുടെ പരിമിതിയിൽനിന്നുകൊണ്ട് കേരളത്തിലെ കൃഷിക്കാർക്കും കുടികിടപ്പുകാർക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും വിപ്ലവകരമായ നിയമ നിർമ്മാണങ്ങൾ കൊണ്ടുവന്ന ഇ.എം.എസിന്റെ ഗവണ്മെന്റിനെതിരെ എല്ലാ വർഗീയ ശക്തികളും അണിചേർന്ന് ഇവിടെ വിമോചന സമരം നടത്തി ഗവണ്മെന്റിനെ പിരിച്ചുവിടുവിച്ചു. എന്നാൽ വിദ്യാഭ്യാസ കൊള്ളക്കാരെയും അവരുടെ ചെയ്തികളെയും വിദ്യാർത്ഥികളുടെ പേരിൽ പരിരക്ഷിക്കാൻ നിയമനിർമ്മാണം നടത്തിയപ്പോൾ യു.ഡി.എഫും ബി.ജെ.പിയും മത്സരിച്ച് മുഖ്യമന്ത്രിക്കു പിന്തുണ നൽകി. എന്തുതരം സാമൂഹിക വിപ്ലവമാണ് തന്റെ ഗവണ്മെന്റ് ഈ നിയമ നിർമ്മാണം വഴി കൊണ്ടുവരുന്നത് എന്ന് എല്ലാ രാഷ്ട്രീയ എതിരാളികളും മുഖ്യമന്ത്രിക്കു ചുറ്റും അണിനിരക്കുമ്പോൾ ഒരുനിമിഷം അദ്ദേഹം സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസ രംഗം വലിയൊരു വ്യവസായമായി മാറുകയും മൂലധന ശക്തികളും വോട്ടു ബാങ്കുകളുമുള്ള മതനേതാക്കളും കൂടി വിദ്യാഭ്യാസ വ്യവസായത്തിലിറങ്ങുകയും ചെയ്യുന്ന കാലമാണിത്. നവ - ഉദാരീകരണ കാലത്തെ ചങ്ങാത്ത മുതലാളിത്ത വിപ്ലവമാണ് കേരളത്തിലും മുന്നേറുന്നത്. ഭരണഘടനയെയും നിയമ വാഴ്ചയെയും അതിനു വേണ്ടി മറികടക്കുക എന്ന റിസ്‌ക്ക് അതുകൊണ്ടാണ് മുഖ്യമന്ത്രി എടുക്കുന്നത്. അതിന് അദ്ദേഹത്തിന് ഊർജ്ജം നൽകുന്നത് സ്വന്തം പാർട്ടിയുടെ ഭരണഘടന അട്ടിമറിച്ച അനുഭവത്തിന്റെ കരുത്തിൽനിന്നാണെന്നും പറയേണ്ടിവരുന്നു.
എന്തിനു മുഖ്യമന്ത്രിയെ മാത്രം പറയണം! ഇടതുപക്ഷ-ജനാധിപത്യ മുന്നണിയിലെ സി.പി.ഐ പോലുള്ള ധീരവിപ്ലവകാരികൾ ഇപ്പോൾ നിശ്ശബ്ദം. ബി.ജെ.പിക്കും യു.ഡി.എഫിനും മാണി കേരളക്കും ഒപ്പം. ബില്ലിനു കൈപൊക്കാൻ അവർക്കൊരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ മൂന്നാം മുന്നണിയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പത്രാസും അവസാനിച്ചു. മറ്റു ഘടക കക്ഷികളുടെ കഥ പറയാനുമില്ല.
കോൺഗ്രസിൽ വി.എം സുധീരനും വി.ടി ബൽറാമും ഒഴികെ എല്ലാവരും ഒറ്റക്കെട്ട്. പാർട്ടി അറിഞ്ഞാണ് തീരുമാനമെന്ന് സുധീരനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് ഹസൻ. മുസ്ലിംലീഗ് അടക്കം യു.ഡി.എഫിലെ മറ്റു ഘടക കക്ഷികൾക്കു പരമാനന്ദം. ബി.ജെ.പിയും ഇടതും വലതുമൊത്ത് ഐക്യത്തിന്റെ ഒരു വികസന മാതൃക.
തമിഴ്‌നാടും കർണാടകയും മറ്റു സംസ്ഥാനങ്ങളും ഇടതുമുന്നണി നയിക്കുന്ന ഈ മാതൃക കണ്ടുപഠിക്കട്ടെ. പാർലമെന്റ് സ്തംഭനങ്ങളും തെരഞ്ഞെടുപ്പു പോരാട്ടങ്ങളും മാറ്റിവെക്കട്ടെ. ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ ഒരു സമവായ സ്ഥാനാർത്ഥിയെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പിണറായിയുടെ അധ്യക്ഷതയിൽ ചേർന്ന് ഇനി നിശ്ചയിച്ചാൽ മതി.
പണമുതലാളിത്തവും ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയവും വിജയിക്കട്ടെ!