കണ്ണൂർ- മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി.
തളിപ്പറമ്പ്, പയ്യന്നൂർ, ചക്കരക്കല്ല്, തലശ്ശേരി എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തു. തളിപ്പറമ്പിൽ സ്കൂട്ടർ അഗ്നിക്കിരയാക്കി. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ മാർച്ച് നടത്തി.
കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിൽ എത്തിയ സംഘം ഓഫീസിന് നേരെ കല്ലേറു നടത്തുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരിലെ പ്രധാന രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കല്ലേറു നടന്നതെന്നതാണ് ശ്രദ്ധേയം. പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സാധന സാമഗ്രികൾ തകർത്തതിന് പുറമെ, ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തലയും അറുത്തു മാറ്റി മുഖം മൂടിയണിഞ്ഞെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഗാന്ധിയുടെ തല, പ്രതിമയുടെ മടിയിൽ വെച്ച നിലയിലാണ് ഉള്ളത്.
ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. ചക്കരക്കൽ മുഴപ്പാല റോഡിലെ എൻ. രാമകൃഷ്ണൻ സ്മാരക മന്ദിരമാണ് തകർത്തത്. ഓഫീസ് ജനൽ ചില്ലുകളും ഫർണിച്ചറുകളും തകർത്തു.
ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിലെ ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകർക്കുകയും ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു.
കണ്ണൂർ ഇരിട്ടിയിൽ കഴിഞ്ഞ രാത്രി യൂത്ത് കോൺഗ്രസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിൽ സ്ത്രീകൾ ഉൾപ്പെടെ 17 ഓളം പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.
കണ്ണൂർ പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേർക്ക് സി.പി.എം പ്രവർത്തകർ നടത്തിയ അക്രമണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവൻ തകർത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കൊ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് കുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
സി.പി.എം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. നേതാക്കളായ സതീശൻ പാച്ചേനി, പി.ടി. മാത്യു, എൻ.പി. ശ്രീധരൻ, കെ. പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസൽ, അഡ്വ. റഷീദ് കവ്വായി, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂർ, രാജീവൻ കപ്പച്ചേരി, എം.കെ. മോഹനൻ, രജനി രാമാനന്ത്, സുദീപ് ജെയിംസ്, പി. മുഹമ്മദ് ഷമ്മാസ്, അമൃത രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.