ജിദ്ദ- സൗദിയിലേക്ക് 5,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഹജിനെത്തി ഇന്തോനേഷ്യൻ യുവാവ്. ഏഴര മാസത്തെ യാത്രക്ക് ശേഷമാണ് മുഹമ്മദ് ഫൗസാൻ എന്ന യുവാവ് വിശുദ്ധ ഭൂമിയിലെത്തിയത്. 2021 നവംബർ 4ന് സെൻട്രൽ ജാവയിൽ നിന്നാണ് ഫൗസാൻ യാത്ര ആരംഭിച്ചത്. ഈ തവണ സൗദിയിലേക്ക് ആദ്യമെത്തുകയും ഏറ്റവും കൂടുതൽ ഹാജിമാരെ പറഞ്ഞയക്കുകയും ചെയ്ത ഇന്തോനേഷ്യയിൽ നിന്നുള്ള ഹാജിമാരിൽ ഒരാളായി ഫൗസാൽ ഹജ്ജ് നിർവഹിക്കും. മക്കയിലെത്തിയ ഫൗസാൻ ഉംറ നിർവഹിക്കുകയും ചെയ്തു.
ഹജ്ജ് നിർവഹിക്കാനും ഇസ്‌ലാമിലെ മൂന്ന് പള്ളികൾ സന്ദർശിക്കാനും ഉദ്ദേശിക്കുന്നുവെന്നും ഹജ് നിർവഹിച്ചതിന് ശേഷം, അൽഅഖ്‌സ മസ്ജിദ് സന്ദർശിക്കുമെന്നും മുഹമ്മദ് ഫൗസാൻ പറയുന്നു. ഫലസ്തീനിലേക്കും സൈക്കിൾ യാത്ര തുടരാൻ തന്നെയാണ് ആഗ്രഹം.
സാധാരണക്കാർ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ സർവ്വശക്തനായ ദൈവം എങ്ങനെ സാധ്യമാക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സൈക്കിളിലെ തീർത്ഥാടന യാത്രയെന്ന് മുഹമ്മദ് ഫൗസാൻ പറഞ്ഞു. എല്ലാവരും പറഞ്ഞു, ഈ പ്രയാസകരമായ ദൗത്യം പൂർത്തിയാക്കുക അസാധ്യമാണെന്ന്, പക്ഷേ ഇപ്പോൾ എനിക്ക് പറയാം, അത് എനിക്ക് സാധ്യമാക്കിയത് ദൈവമാണെന്ന്. ലക്ഷ്യത്തിലെത്താനുള്ള കഠിനാധ്വാനത്തോടൊപ്പം ദൈവത്തോടുള്ള സന്മനസുമുണ്ടെങ്കിൽ അസാധ്യമെന്ന് തോന്നുന്ന എന്തും സാധ്യമാക്കാം എന്നും മുഹമ്മദ് ഫൗസാൻ പറയുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പ് കൂടാതെ ഹജ് നിർവഹിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണെന്നാണ് താൻ കരുതുന്നതെന്നും അറബി ഭാഷയിൽ വൈദഗ്ധ്യവും ബിരുദാനന്തര ബിരുദമുള്ള മുഹമ്മദ് ഫൗസാൻ പറയുന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബിക്, ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദം നേടിയ ശേഷം അധ്യാപകനായാണ് മുഹമ്മദ് ഫൗസാൻ പ്രവർത്തിക്കുന്നത്. പ്രധാന ലക്ഷ്യം ഹജ് നിർവഹിക്കുകയും മാതാപിതാക്കൾക്കും കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുകയുമാണെന്നും മുഹമ്മദ് ഫൗസാൻ പറഞ്ഞു. ഫൗസാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. തന്റെ യാത്ര കൂടുതലും കുറ്റിക്കാട്ടിലൂടെയായിരുന്നുവെന്നും നിരവധി മൃഗങ്ങളുമായി മുഖാമുഖം കണ്ടിട്ടുണ്ടെന്നും രാത്രികാലങ്ങളിലാണ് യാത്ര കൂടതലെന്നും മുഹമ്മദ് ഫൗസാൻ പറഞ്ഞു. ഹജ് നിർവഹിക്കാനുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗസാൻ പറഞ്ഞു. ജിദ്ദയിലെ ഇന്തോനേഷ്യൻ ഹജ്ജ് മിഷൻ ഇതിനാവശ്യമായ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.