റിയാദ് - കൊറോണ വൈറസ് പ്രോട്ടോകോള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പരിഷ്‌കരിച്ചു. ഇതുപ്രകാരം അടച്ചിട്ട സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീര ഊഷ്മാവ് പരിശോധിക്കല്‍ നിര്‍ബന്ധമല്ല. അടച്ചിട്ട സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും മാസ്‌കുകള്‍ ധരിക്കേണ്ടതുമില്ല. പ്രതലങ്ങളും ടോയ്‌ലെറ്റുകളും പതിവായി ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. എന്‍ക്വയറി ഉപകരണങ്ങള്‍, അബ്ശിര്‍ സര്‍വീസ് ഉപകരണങ്ങള്‍ അടക്കം ടച്ച് സ്‌ക്രീനുകള്‍ അനുവദിച്ചിട്ടുണ്ട്.
അതിനിടെ, സൗദിയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 1,152 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 864 പേര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 96 പേര്‍ ചികിത്സയിലാണ്.