തിരുവനന്തപുരം- ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണെന്നും കോണ്‍ഗ്രസുകാരെ തെരുവില്‍ ആക്രമിച്ചാല്‍ തിരിച്ചു നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.
തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞുകൊണ്ടിരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ വ്യാപക അക്രമങ്ങക്കെതിരെയാണ് മുരളീധരന്റെ പ്രസ്താവന.
വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിമാനത്തിനകത്ത് ഇ.പി ജയരാജന്‍ ചവിട്ടി. ജയരാജനെതിരെ കേസെടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ ജനവികാരം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാര്‍ട്ടി സംരക്ഷിക്കും. ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാര്‍ വെട്ടി. അവര്‍ ആര്‍ എസ് എസിന് തുല്യരാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ല- മുരളീധരന്‍ പറഞ്ഞു.
വിമാനത്തിലെ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ഇ.പി ജയരാജനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ജയരാജന് എന്ത് അവകാശമാണുള്ളത്. ജയരാജന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണോ? മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണോ ഇ പി ജയരാജനെന്നും ചെന്നിത്തല ചോദിച്ചു.