പേരാമ്പ്ര- മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായതിനു പിന്നാലെ വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം. ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു.
വടകര വള്ള്യാട് പ്രിയദര്‍ശിനി ബസ് സ്‌റ്റോപ്പും കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തിയതിനു പിന്നാലെ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഉള്‍പ്പെടെ സംസ്ഥാനമെങ്ങുമുള്ള കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നുള്ള പ്രതിഷേധം ഇതോടെ സ്‌ഫോടനാത്മകമായി. കെപിസിസി ആസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയവര്‍ക്ക് എതിരെ കേസ് എടുത്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എയ്ക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തി, നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി എന്നിവയാണ് കുറ്റങ്ങള്‍.