കണ്ണൂര്‍- കണ്ണൂരില്‍ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജന്‍സ് വിവരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ നശിപ്പിച്ചു. തലശ്ശേരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ എല്‍ എസ് പ്രഭു മന്ദിരത്തിന് നേരെ അക്രമം നടന്നു. ഓഫീസിന്റെ നെയിം ബോര്‍ഡും, ജനല്‍ച്ചില്ലുകളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. കണ്ണൂരില്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്, സി പി എം ജില്ലാ കമ്മറ്റി ഓഫീസുകള്‍ക്ക് അടക്കം പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷത്തിന് കുറച്ചു കാലമായി അറുതി വന്നെങ്കിലും കണ്ണൂരില്‍ പുതിയ യുദ്ധ മുഖം തുറക്കുമോയെന്ന ആശങ്കയാണ് സമാധാന കാംക്ഷികള്‍ക്ക്.