Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്‍ രാജിവെക്കേണ്ടി വരും- പി.സി ജോര്‍ജ്

കോട്ടയം- മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് ഒഴിയേണ്ടിവരുമെന്ന് കേരള ജനപക്ഷം സെക്യുലര്‍ ചെയര്‍മാന്‍ പി.സി ജോര്‍ജ് ആരോപിച്ചു. അല്ലെങ്കില്‍ സി.പി.എം തകരും. മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ പിണറായി വിജയന്‍ തയാറാകണം. സരിതയും പിണറായി വിജയനും ഗൂഢാലോചന നടത്തി. സരിത നല്‍കിയ പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ അതിനുളള ധൈര്യം കാണിക്കാത്തത് എന്താണ്. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കും.
 
കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ശക്തമായ ആരോപണങ്ങള്‍ താന്‍ തന്നെ ഉന്നയിച്ചതിന്റെ പേരില്‍ കെ.എം മാണി ഉള്‍പ്പടെയുളള മന്ത്രിമാര്‍ രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നു. ഇക്കാര്യത്തിലൊന്നും എനിക്കെതിരെ ഒരു നടപടി സ്വീകരിക്കുവാനും ആര്‍ക്കും കഴിഞ്ഞില്ല. ഭരണാധികാരികളെ കുറ്റപ്പെടുത്തുമ്പോള്‍ നമ്മുടെ മനസ്സാക്ഷി നീതിയുടെ ഭാഗത്തായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ കഴിയും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഇല്ലെങ്കില്‍ പോലും 20 വര്‍ഷം മാത്രം എം.എല്‍.എ ആയിരുന്ന പിണറായി വിജയന്റെ ഇപ്പോഴത്തെ സാമ്പത്തിക നില പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സ്വപ്ന സുരേഷ് പറഞ്ഞ സ്വര്‍ണ്ണക്കള്ളക്കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യമാകും. എന്‍ജിനീയറിംഗ് പാസായ ഉടന്‍ കോവളത്തെ കൈമാറിയ ഹോട്ടലിന്റെ ഐ.ടി മേധാവിയായ ആളാണ് മകള്‍. മകന്‍ പഠിച്ചത് വിദേശത്താണ്. മരുമകനാവട്ടെ മന്ത്രിയും.

അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുള്ള ലാവ്ലിന്‍ കേസ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള വഴിവിട്ട കച്ചവടങ്ങളുടെയും അഴിമതികളുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് എം. ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശിവശങ്കറിലൂടെയാണ് സ്വര്‍ണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയത്.  22 ാം തവണയാണ് സ്വര്‍ണകള്ളക്കടത്ത് കസ്റ്റംസ് പിടിക്കുന്നത്. സ്വപ്ന നല്‍കിയിട്ടുള്ള 164 പ്രസ്താവനയാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ അതിനുള്ളില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങള്‍ ഉണ്ട് എന്ന് വ്യക്തം. ആ പ്രസ്താവന പരിശോധനക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്തിട്ടുണ്ട്. അതുപ്രകാരം കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍  ഉറപ്പുവരുത്തണമെന്ന് പി.സി പറഞ്ഞു.

 

Latest News