തൃശൂര്‍- രാജ്യത്ത് ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പാക്കാനാണു മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോസ്റ്റ്‌ഫോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു മുസ്ലിം വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപക ഗൂഢാലോചന നടക്കുന്നുണ്ട്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് യുപിയിലും ദല്‍ഹിയിലും നടക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം. ആര്‍എസ്എസ് അജണ്ടയാണ് ഇതിനു പിന്നില്‍. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ത്ത് ബിജെപി സര്‍ക്കാര്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു.
രാജ്യം ദാരിദ്രത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ അതില്‍നിന്നുള്ള മോചനം ലക്ഷ്യമിടാതെ കോര്‍പറേറ്റുകളെ വളര്‍ത്തിക്കൊണ്ടുവരാനാണു മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ് വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷ ബദല്‍ ശക്തിപ്പെടണം.
കുട്ടികളില്‍ പോഷകാഹാരക്കുറവ്, ദരിദ്രരുടെ എണ്ണക്കൂടുതല്‍ എന്നിവയില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. ആഗോളീകരണവും ഉദാരവത്കരണവും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെയാണെന്നത് ഗൗരവതരമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എളമരം കരീം എംപി, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുന്‍ എംപി പി.കെ. ബിജു, സിപിഎം ജില്ലാ സെക്രട്ടറി എം.എ. വര്‍ഗീസ് എംഎല്‍എമാരായ മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.