മക്ക-ഹജ് സീസണിൽ വിശുദ്ധ മക്കയിൽ ഒരു ദിവസം തയ്യാറാക്കുക 4.8 ദശലക്ഷം ഭക്ഷണ പാക്കറ്റുകൾ. ഇതിനായി 195 കമ്പനികൾക്ക് അനുമതി നൽകിയതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. കമ്പനികൾ, സ്ഥാപനങ്ങൾ, ഭക്ഷണം തയ്യാറാക്കുന്നവർ എന്നിവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാനും ക്രോഡീകരിക്കാനും ഒരു പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്നും ഭക്ഷണ വിതരണ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഉസാമ ബിൻ അബ്ദുല്ല അൽസെയ്തൂനി പറഞ്ഞു. അംഗീകരാവും യോഗ്യതയുമുള്ളവരെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിരീക്ഷകരും സാങ്കേതിക വിദഗ്ദരും ലബോറട്ടറി വിദഗ്ധരും ഉൾപ്പെടെ 101 ജീവനക്കാരുമുള്ള സംഘമാണ് ഭക്ഷണസാമ്പിളുകൾ പരിശോധിക്കുക. ഈ വർഷം ഹജ് സീസണിൽ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന കാറ്ററിംഗ് കോൺട്രാക്ടർമാർക്ക് ഇനിയും അവസരമുണ്ടെന്നും മക്ക മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.