മക്ക - ഹജ് നറുക്കെടുപ്പ് ഫലം ബുധനാഴ്ച പരസ്യപ്പെടുത്തുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചിട്ടുണ്ട്. ഇഅ്തമര്‍നാ ആപ്പ് വഴിയും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴിയുമാണ് ഹജ് രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിരുന്നത്. രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തില്‍ നിന്നുള്ളവരെ മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാണ് ഹജിന് തെരഞ്ഞെടുക്കുക.
മുമ്പ് ഹജ് നിര്‍വഹിക്കാത്തവര്‍ക്ക് നറുക്കെടുപ്പില്‍ മുന്‍ഗണനയുണ്ടാകും. നറുക്കെടുപ്പില്‍ മറ്റൊരുവിധ പരിഗണനകളുമുണ്ടാകില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യക്കകത്തു നിന്ന് ഒന്നര ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജിന് അവസരം ലഭിക്കുക. വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം ഹജ് തീര്‍ഥാടകരെയും ഇത്തവണ സ്വീകരിക്കും. ആകെ പത്തു ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജിന് അവസരം ലഭിക്കുക.
അതേസമയം, മിനായില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാന്‍ ഇത്തവണ 44 സെന്‍ട്രല്‍ പാചകപ്പുരകള്‍ നിര്‍മിച്ചതായി മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് മിനായില്‍ കിദാന കമ്പനി 44 റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിച്ചിട്ടുണ്ട്. മിനായില്‍ 1,000 ടോയ്‌ലെറ്റുകളും അറഫയിലും മുസ്ദലിഫയിലുമായി 1,000 ടോയ്‌ലെറ്റുകളും നവീകരിച്ചിട്ടുണ്ട്. കിദാന കമ്പനി പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കുന്ന ആദ്യ വികസന പദ്ധതികളാണിവ.