കണ്ണൂർ - ഈ മാസം 23 ന് രൂപീകരിക്കുന്ന ഐ.എൻ.എൽ ഡെമോക്രാറ്റിക് എന്ന പാർട്ടി ലീഗ് സ്‌പോൺസേർഡ് കക്ഷിയാണെന്ന ഐ.എൻ.എൽ പ്രസ്താവന ഉൾഭയത്താലാണെന്ന് സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. അവശിഷ്ട ഐ.എൻ.എൽ പ്രവർത്തകർ കൂടി ഐ.എൻ.എൽ ഡെമോക്രാറ്റിക്കിൽ ചേരുമെന്ന ഭയമാണ് ഐ.എൻ.എല്ലിനുള്ളത്.
മുസ്‌ലീം ലീഗിനെ സംബന്ധിച്ചിടുത്തോളം ഐ.എൻ.എൽ ലവലേശം പോലും ഭീഷണിയല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെയുള്ളവർ വിലയിരുത്തിയതാണ്. ഈ പാർട്ടി പേരിൽ മാത്രമായി നിലനിൽക്കുന്ന കടലാസ് സംഘടനയാണ്. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനും മറ്റും സാധിക്കാതെ ശോഷിച്ച് നാമാവശേഷമായിരിക്കുന്നു. അവശിഷ്ട ഐ.എൻ.എൽ നേതാക്കൾ അഴിമതിക്കാരുടെയും മറ്റും കോക്കസ് ആണ്.
ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 70 വർഷത്തെ പൊതുജീവിതത്തിൽ 36 വർഷക്കാലം പാർലമെന്റ് അംഗമായിരുന്നു. ഭരണഘടനാപദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം റാബിത്ത ഉൾപ്പെടെയുള്ള സംഘടനകളിൽ അംഗവുമായിരുന്നു. അഴിമതിയുടെ കറപുരളാത്ത സംശുദ്ധമായ പൊതു പ്രവർത്തനത്തിന്റെ ഉടമയായിരുന്നു സേട്ട്. അദ്ദേഹത്തിന്റെ മരണശേഷം ഐ.എൻ.എല്ലുമായി ബന്ധമില്ലാത്തവർ അതിൽ കടന്നുകൂടി അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് കോടികൾ പിരിച്ച് സുഖജീവിതം നയിക്കുകയാണ്.
എൽ.ഡി.എഫ് പ്രവേശനം ഉടൻ നടക്കുമെന്ന ഐ.എൻ.എൽ നിലപാട് അവശിഷ്ട പ്രവർത്തകരെ പിടിച്ചു നിർത്തുന്നതിനാണ്. പലവട്ടം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുമായി ബന്ധമുണ്ടാക്കുകയും ഇപ്പോഴും രഹസ്യ ബന്ധം പുലർത്തുകയും അഴിമതിക്കാരുടെയും മറ്റും കൂടാരമായി മാറിയ ഐ.എൻ.എല്ലിനെ എൽ.ഡി.എഫിൽ അംഗമാക്കില്ല. നവ മാധ്യമങ്ങളിലൂടെയും മറ്റും ഇടതുമുന്നണി ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രസ്താവന നടത്തുകയും പൊതുവേദികളിൽ എൽ.ഡി.എഫിൽ അംഗമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഐ.എൻ. എല്ലുകാരെ പൊതുസമൂഹം തിരിച്ചറിയും.
സേട്ട് സാഹിബ് സാംസ്‌കാരിക വേദിയോ അതിന്റെ നേതാക്കളോ ഒരു മുന്നണിയുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ആശയാദർശങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയാണ് ഐ.എൻ.എൽ ഡെമോക്രാറ്റിക് രൂപം കൊള്ളുന്നത്.
സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് പുറവൂർ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ഉമ്മർ.പി. കുഞ്ഞ്, പി.കെ മൊയ്തുണ്ണി, പി. സാലിം, ഇസ്മയിൽ ഹാജി ആലപ്പുഴ, ഷാജഹാൻ കോട്ടയം, സിറാജ് പത്തനംതിട്ട, കരീം കല്ലേരി, മുസ്തഫ.വി, ഫിറോസ് പുതിയാടം, സുലൈമാൻ സഞ്ജീവനി, ഒ.വി.ഹമീദ്, മുഹമ്മദ് തൊടുപുഴ, തുടങ്ങിയവർ സംസാരിച്ചു.