ബത്തേരി- നഗ്നനായി മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഫെയര്‍ലാന്റ് കോളനിയിലെ നിസാറാണ് (32) വീടിനു സമീപം ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഞായറാഴ്ച ഉച്ചയ്ക്കു 12.30 ഓടെയാണ് ഇയാള്‍ 90 അടിയിലധികം ഉയരമുള്ള ടവറില്‍ കയറിയത്. ടവറിന്റെ അഗ്രത്തിനു അടുത്തുവരെ കയറിയായിരുന്നു ആത്മഹത്യാഭീഷണി. വിവരം അറിഞ്ഞ് ടവര്‍ പരിസരത്തു നാട്ടുകാര്‍ തടിച്ചുകൂടി. രക്ഷാപ്രവര്‍ത്തനത്തിനായി പോലീസും അഗ്നി-രക്ഷാസേനയും കുതിച്ചെത്തി. പരിചയക്കാരടക്കമുള്ളവര്‍ നിസാറിനെ അനുനയിപ്പിച്ചു താഴെയിറക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. എന്താണ് പ്രശ്‌നമെന്ന നാട്ടുകാരുടെ ചോദ്യത്തിനു 'സമാധാനം' വേണമെന്നായിരുന്നു നിസാറിന്റെ മറുപടി. മാധ്യമ പ്രവര്‍ത്തകരോടു കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നു രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ടവറില്‍ ഏതാനും അടി കയറിയെങ്കിലും തിരിച്ചിറങ്ങി. രാത്രി ഏഴേമുക്കാലോടെ മഴപെയ്്തതോടെയാണ് നിസാര്‍ താഴെയിറങ്ങിയത്. പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റി.