കൊണ്ടോട്ടി- 12 വയസ്സ് വരെയുളള കുട്ടികള്‍ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അനുവദിച്ചിരുന്ന സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു. ജി.സി.സി രാജ്യങ്ങളില്‍നിന്ന് യാത്ര ചെയ്യുന്ന 12 വയസ്സുവരെയുളള കുട്ടികളുടെ ബാഗേജ് അലവന്‍സാണ് 30 കിലോയില്‍നിന്ന് 20 കിലോയാക്കി വിമാന കമ്പനി വെട്ടിക്കുറച്ചത്. ഏപ്രില്‍ രണ്ടിന് ശേഷം ടിക്കറ്റെടുത്തവര്‍ക്കാണ് ഇത് ബാധകമാവുക. മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് 30 കിലോ അലവന്‍സ് ലഭിക്കും.
ഗള്‍ഫില്‍ നിന്നെത്തുന്ന മുഴുവന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും പുതിയ വ്യവസ്ഥ ബാധകമാണ്. നിരക്ക് കുറഞ്ഞ ബജറ്റ് വിമാനമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികള്‍ കൂടുതല്‍ യാത്രചെയ്യുന്നത് എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ്. ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന കുടുംബങ്ങള്‍ക്കാണ് ലഗേജ് കുറച്ചത് തിരിച്ചടിയായത്. മറ്റു വിദേശ കമ്പനികളെല്ലാം 30 കിലോ ബാഗേജ് അനുവദിക്കുമ്പോള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അനുവദിക്കുന്ന സേവനങ്ങള്‍ ഒഴിവാക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ നിന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കൂടുതല്‍ ഗള്‍ഫ് നാടുകളിലേക്ക് പറക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഇളവാണ് വിമാന കമ്പനിയുടെ പ്രത്യേകത. എന്നാല്‍ ആനൂകൂല്യം വെട്ടിക്കുറക്കുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.