മലപ്പുറം- യു.പിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അഫ്രീന് ഫാത്തിമയുടെ വീട് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രകടനം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ആയിഷ റെന്നക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക്. ആയിഷ റെന്നയെ വലിച്ചിഴച്ച് കൊണ്ടുപോകന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
പോലീസ് നടത്തിയത് അതിക്രമമാണെന്നും കസ്റ്റഡിയിലെടുത്ത് അപമാനിച്ചുവെന്നും ആയിഷ റെന്ന പറഞ്ഞു.
2019 ല്‍ ദല്‍ഹിയില്‍ സി.എ.എ പ്രതിഷേധം നയിച്ച ആയിഷ റെന്ന ദേശീയശ്രദ്ധ പിടിച്ചപറ്റിയിരുന്നു. ജെ.എന്‍.യു ആക്ടീവിസ്റ്റ് അഫ്രീന് ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ഇന്നു രാവിലെയാണ് യു.പി പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
പ്രയാഗ് രാജില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ സുത്രാധാരനെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജാവേദിനെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയപാതയിൽ കുന്നുമ്മലിൽ സെന്റ് ജെമ്മാസ് സ്കൂളിന് മുൻവശം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായെത്തി റോഡിൽ ഇരിക്കുന്നതിനുമുമ്പ് പോലീസ് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഒരുമിനിറ്റുപോലും പ്രവർത്തകർ ദേശീയപാത ഉപരോധിക്കാതെയാണ് പോലീസ് അതിക്രമം നടത്തിയത്. പ്രവർത്തകർക്കെതിരെ തുടരെ ലാത്തിവീശിയ പോലീസ് മർദനം ഏറെ നേരം തുടർന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പോലീസ് വാഹനത്തിലും മർദിച്ചു. ഒരുപ്രകോപനവും കൂടാതെയാണ് ലാത്തി പ്രയോഗിച്ച് പൊലീസ് ആക്രമിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കുപുറമെ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ, മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ, ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം, സഹൽ ഉമ്മത്തൂർ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നരനായാട്ടിലും നേതാക്കളുടെ കസ്റ്റഡിയിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരവുമായി ബന്ധപ്പെട്ട് 10 ഫ്രറ്റേണിറ്റി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം പൊലീസ് അറിയിച്ചു.