പത്തനംതിട്ട- പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കാമുകിയുടെ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുകയും പിന്നീട് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍(25) എന്നയാളാണ് പിടിയിലായത്. എറണാകുളത്തുള്ള കാമുകി്ക്കൊപ്പം ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അനുലാല്‍ പിടിയിലായത്. അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ആലപ്പുഴ ബീച്ചിന് സമീപത്തെ ലോഡ്ജില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടൂര്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് മുന്നില്‍വെച്ച് ബൈക്കില്‍ കയറ്റിയാണ് അനുലാല്‍ പെണ്‍കുട്ടിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പെണ്‍കുട്ടിയും കുടുംബവും അടൂര്‍ പൊലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അനുലാല്‍ ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുലാല്‍ എറണാകുളത്ത് ഉണ്ടെന്ന് മനസിലാക്കിയത്. അനുലാലിന്റെ നമ്പരില്‍നിന്ന് സ്ഥിരമായി വിളിച്ചിരുന്ന കാമുകിയുടെ നമ്പര്‍ മനസിലാക്കിയാണ് പോലീസ് എറണാകുളത്ത് എത്തിയത്.