തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്. ചുവപ്പുനിറം കണ്ടാല്‍ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറമെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. സമനില തെറ്റിയതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
ഇത്രയൊക്കെ ആരോപണമുയര്‍ന്നിട്ടും പൊതുസമ്മേളനത്തില്‍ നടത്തുന്ന വീരവാദം മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തി പറയുന്നില്ല. സ്വര്‍ണക്കടത്തുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മനസമാധനത്തോടെ പുറത്തിറങ്ങി നടക്കാനാകില്ലെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കനത്ത സുരക്ഷയിലാണ് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ തടഞ്ഞ പോലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി.
തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.