മലപ്പുറം- പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണം. സമീപത്തെ ഹോട്ടലുകള്‍ അടപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് കാവലാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങള്‍ ബദല്‍ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിര്‍ദ്ദേശം.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്‌ക്ക് ഊരി വാങ്ങി പോലീസ് പകരം മഞ്ഞ മാസ്‌ക്ക് ധരിപ്പിക്കുന്നുണ്ട്. . സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങള്‍ എടുക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. മാസ്‌ക് മാറ്റിയ നടപടിക്ക് എതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.