തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.
സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്.
സ്വപ്‌നയ്ക്ക് ഒപ്പം ഏറെക്കാലമായി ഉണ്ടായിരുന്നവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതുകൊണ്ടുതന്നെ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരെ പ്രതിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാത്തതും ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കാത്തതും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
അതിനിടെ, ഷാജ് കിരണ്‍ തമിഴ്‌നാട്ടിലേക്കു പോയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വപ്നയ്‌ക്കെതിരായ വീഡിയോ ശനിയാഴ്ച പുറത്തുവിടുമെന്നു ഷാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ഈ വീഡിയോ ഫോണില്‍നിന്ന് മാഞ്ഞുപോയതിനാല്‍ അതു വീണ്ടെടുക്കാന്‍വേണ്ടിയാണ് തമിഴ്‌നാട്ടിലേക്കു പോയതെന്നാണ് ഷാജ് പറയുന്നത്.
തമിഴ്‌നാട്ടിലെ സുഹൃത്തായ ടെക്‌നീഷ്യന്റെ സഹായത്തോടെ വീഡിയോ വീണ്ടെടുക്കാനാണ് ശ്രമം. വീഡിയോ വീണ്ടെടുത്താല്‍ രണ്ടുദിവസത്തിനകം കൊച്ചിയില്‍ തിരിച്ചെത്തി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാജിന്റെ സുഹൃത്തായ ഇബ്രാഹിം പറഞ്ഞു. സ്വപ്നയ്‌ക്കെതിരായ വീഡിയോ കൈയിലുണ്ടെന്ന് ഇബ്രാഹിമാണ് നേരത്തേ അവകാശപ്പെട്ടത്.