പാലക്കാട് - കല്ലിങ്കല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രിയില്‍ ബൈക്കില്‍നിന്ന് വീണ് യുവാവിനു സാരമായി പരുക്കേറ്റത് ആസൂത്രിത അപകടമെന്ന് പോലീസ്. ബൈക്കില്‍നിന്നു വീണ് തലയ്ക്ക് സാരമായി പരുക്കേറ്റ കൊടുമ്പ് സ്വദേശി ഗിരീഷ് ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, വ്യക്തിവൈരാഗ്യം കാരണം, മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നു പോലീസ് കണ്ടെത്തി.
ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂര്‍ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവരെ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. ചന്ദ്രനഗറിലെ ബാറില്‍നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുംവഴി ആസൂത്രിത അപകടമുണ്ടാക്കി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.