കോഴിക്കോട്- വിദ്യാഭ്യാസ രംഗത്തും സ്ത്രീശാക്തീകരണത്തിലുമെല്ലാം ഏറെ പുരോഗതി നേടിയെന്ന് അഭിമാനിക്കുന്നവരാണ് മലയാളികൾ. പെൺകുട്ടികളുടെ അവകാശത്തെക്കുറിച്ചെല്ലാം നമ്മൾ വാതോരാതെ സംസാരിക്കും. എന്നാൽ പാറിപ്പറന്ന് നടക്കേണ്ട കൗമാരത്തിൽ അവരെ അമ്മയെന്ന പദവിയിലേക്ക് തള്ളിവിടുകയും ചെയ്യും. സാമൂഹ്യമായും സാംസ്കാരികമായും ഏറെ പുരോഗതിയുണ്ടെന്ന് അഭിമാനിക്കുമ്പോഴും കേരളത്തിൽ കൗമാരക്കാരായ അമ്മമാരെ നമ്മൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ വർഷവും 19 വയസ്സിന് താഴെയുള്ള ശരാശരി 20,000 ത്തിലേറെ കൗമാരക്കാരായ പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് അമ്മയാകുന്നുണ്ടെന്നാണ് കണക്ക്. പഠനവും സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് അമ്മ പദവിയിലേക്കെത്തുന്നവർക്ക് ഈ ആധുനിക കാലഘട്ടത്തിലും യാതൊരു കുറവുമില്ല.
കേരളത്തിൽ ഓരോ വർഷവും അമ്മമാരാകുന്നവരിൽ 3 മുതൽ 4 ശതമാനം വരെ 15 നും 19 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവിധ സർവേകളിലും സംസ്ഥാന സർക്കാരിന്റെ കണക്കുകളിലും കണ്ടെത്തിയിട്ടുള്ളത്. 2019 അവസാനത്തിലാണ് കേരള സർക്കാർ ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. അന്നത്തെ കണക്കു പ്രകാരം 15 നും 19 നും ഇടയിലുള്ള കൗമാരക്കാരായ പെൺകുട്ടികളിൽ 20,995 പേർ വിവാഹം കഴിഞ്ഞ് അമ്മമാരായിട്ടുണ്ട്. അവരിൽ 20,597 പേരുടേത് ആദ്യ പ്രസവമായിരുന്നു. 316 പേർ രണ്ടു കുട്ടികൾക്കും 59 പേർ മൂന്നാമത്തെ കുട്ടിക്കും 16 പേർ നാലാമത്തെ കുട്ടിക്കും 19 വയസ്സിനുള്ളിൽ ജന്മം നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാറിന് കീഴിലുള്ള ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്. കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇപ്പോഴും ശരാശരി 20,000 ത്തോളം കൗമാരക്കാരായ അമ്മമാർ കേരളത്തിലുണ്ടെന്ന് വനിത-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതായത് വർഷങ്ങൾ മാറുമ്പോഴും ഈ കണക്കുകളിൽ യാതൊരു വ്യത്യാസവും പ്രകടമാകുന്നില്ലെന്ന് വ്യക്തം.
2015 മുതൽ 2019 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ കേരളത്തിൽ 1,10,835 കൗമാരക്കാരികളായ പെൺകുട്ടികൾ അമ്മയായെന്നാണ് കണക്ക്. 2015 ൽ 23,893ഉം 2016 ൽ 22,934 ഉം 2017 ൽ 22,552 പെൺകുട്ടികളും അമ്മമാരായി. 2018 ൽ 20,461 ഉം 2019 ൽ 20,995 ഉം പെൺകുട്ടികളുമാണ് കേരളത്തിൽ അമ്മമാരുടെ പട്ടികയിലുള്ളത്. ഈ വർഷവും ഇതേ അനുപാതം തന്നെ തുടരുമെന്നാണ് വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ പറയുന്നത്. പെൺകുട്ടികൾക്ക് താൽപര്യമില്ലെങ്കിൽ കൂടി കുടുംബാംഗങ്ങളുടെ താൽപര്യത്തിന് വേണ്ടി വിടരും മുമ്പേ തന്നെ ഇവർ അമ്മമാരായി തീരുകയാണ്. മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൗമാരക്കാരായ അമ്മമാരുടെ എണ്ണം കേരളത്തിൽ കുറവാണെന്നതാണ് ആശ്വാസകരമായ ഏക കാര്യം.
രാജ്യത്ത് ത്രിപുരയിലാണ് കൗമാരക്കാരായ അമ്മമാർ ഏറ്റവും കുടുതലുള്ളത്. അവിടുത്തെ മൊത്തം അമ്മമാരുടെ 22 ശതമാനവും 15 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. അത് കഴിഞ്ഞാൽ പശ്ചിമ ബംഗാളും, പിന്നീട് ആന്ധ്രയുമാണ്. ഇക്കാര്യത്തിൽ കേരളത്തിലെ സ്ഥിതി മെച്ചമാണെങ്കിലും പഞ്ചാബും, ഗോവയും ഉത്തരാഖണ്ഡും, ജമ്മു കശ്മീരും ഉത്തർപ്രദേശുമെല്ലാം കേരളത്തോടൊപ്പമുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു.
കേരളത്തിൽ പരിഷ്കാരികളെന്ന് സ്വയം അഭിമാനിക്കുന്ന നഗരവാസികൾക്കിടയിലാണ് കൗമാരക്കാരായ അമ്മമാരുടെ എണ്ണം കൂടുതലുള്ളതെന്നതാണ് ദുഃഖകരമായ കാര്യം. നാലിൽ മൂന്ന് ഭാഗം അമ്മമാരും നഗരപ്രദേശങ്ങളിൽനിന്നുള്ളവരാണ്. കൗമാരക്കാരികളായ പെൺകുട്ടികൾ അമ്മമാരാകുന്നതിനോട് ചേർത്ത് വായിക്കേണ്ടതാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം. പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിച്ചാൽ അവരുടെ മാതാപിതാക്കൾക്കും അതിന് ഒത്താശ ചെയ്തവർക്കും കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. മാത്രമല്ല ശൈശവ വിവാഹത്തിനെതിരെ വ്യാപകമായ ബോധവത്ക്കരണവും നടക്കുന്നുണ്ട്. എന്നാലും സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് യാതൊരു കുറവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2020 ജനുവരി മുതൽ 2021 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 45 ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് കാലത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണം വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശൈശവ വിവാഹം നടത്താനുള്ള നീക്കങ്ങളെ സംബന്ധിച്ച് 266 പരാതികളാണ് ഇക്കാലയളവിൽ ലഭിച്ചത്. മുൻകൂട്ടി ശക്തമായ നടപടികൾ സ്വീകരിച്ചതിനാൽ പല വിവാഹങ്ങളും നടന്നില്ല. ശൈശവ വിവാഹത്തിലെ ഇരകളും കൗമാരക്കാരായ അമ്മമാരിൽ ഉൾപ്പെടുന്നുണ്ട്.
ശൈശവ വിവാഹങ്ങൾ തടയുന്നതിന് പല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടും കാര്യമായ ഫലം കാണുന്നില്ലെന്നാണ് ഓരോ വർഷത്തെയും ശൈശവ വിവാഹത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ശൈശവ വിവാഹങ്ങൾ പൊതുജനങ്ങളുടെ സഹകരണത്തോടെ തടയുന്നതിനായി പൊൻവാക്ക് എന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ശൈശവ വിവാഹത്തെപ്പറ്റി കൃത്യമായ വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുന്ന പദ്ധതിയാണിത്. ശൈശവ വിവാഹത്തിനെതിരെ അതിനിരയാകുന്ന പെൺകുട്ടികളിൽ നിന്ന് തന്നെ ചെറുത്ത് നിൽപ്പുണ്ടാകുകയും അവർ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്യുന്ന രീതി ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും അത് വളരെ ആശാവഹമാണെന്നും പോലീസ് പറയുന്നു.
19 വയസ്സിന് താഴെയുള്ള കൗമാരക്കാരികൾ അമ്മമാരാകുന്നത് അമ്മക്കും കുട്ടിക്കും ഒരു പോലെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പെൺകുട്ടികൾ 20 വയസ്സിന് ശേഷം ഗർഭം ധരിക്കുന്നതാണ് നല്ലതെന്ന് ഗൈനക്കോളജിസ്റ്റുകൾ പറയുന്നു. ചെറുപ്രായത്തിൽ തന്നെ കുടുംബം പുലർത്തുകയെന്ന ഉത്തരവാദിത്തത്തിലേക്ക് പെൺകുട്ടികൾ എടുത്തെറിയപ്പെടുന്നത് അവരിൽ വലിയ തോതിലുള്ള മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അത് കുടുംബത്തെ ശിഥിലമാക്കുകയും ചെയ്യുമെന്ന് സൈക്കോളജിസ്റ്റുകളും പറയുന്നു.
കൗമാരക്കാരയ പെൺകുട്ടികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ ചാപ്പിള്ളയാകുന്നതും വർധിച്ചു വരുന്നുണ്ട്. 2019 ൽ 15 നും 19 നും ഇടയിലുള്ള പെൺകുട്ടികൾ പ്രസവിച്ച 99 കുഞ്ഞുങ്ങൾ ചാപിള്ളയാണെന്നാണ് കണക്ക്. ഇതേപോലെ 169 കുട്ടികളുടെ ഭാരം ഒന്നര കിലോഗ്രാമിൽ കുറവും 405 കുട്ടികളുടെ ഭാരം രണ്ട് കിലോഗ്രാമിൽ കുറവുമാണ്. ആരോഗ്യമുള്ള നവജാത ശിശുവിന് ചുരുങ്ങിയത് രണ്ടര കിലോഗ്രാമാണ് ഭാരം കണക്കാക്കുന്നത്.
കൗമാരത്തിൽ അമ്മയാകുന്നതോടെ പെൺകുട്ടികളുടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാകുകയും ജോലി നേടാനും മറ്റും തടസ്സമാകുകയും ചെയ്യുന്നുണ്ട്. കൗമാരക്കാരികളായ അമ്മാരിൽ 90 ശതമാനത്തിനും പരമാവധി പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം നേടാനേ കഴിയുന്നുള്ളൂ. കുഞ്ഞു പിറക്കുന്നതോടെ തുടർ വിദ്യാഭ്യാസം പൂർണമായും നിലക്കുന്നു. പെൺകുട്ടികൾ ബാധ്യതയാണെന്നും അവർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നും കരുതുന്ന മാതാപിതാക്കളാണ് ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിച്ചയക്കുന്നതും അവരെ അമ്മമാരാകാൻ നിർബന്ധിക്കുന്നതും. ഇതിനെ വലിയൊരു സാമൂഹ്യ പ്രശ്നമായി തന്നെ കണ്ടുകൊണ്ട് കൈകാര്യം ചെയ്യേണ്ടതുണ്ട്.