Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ പുറത്താക്കാന്‍  സി.പി.എമ്മിന് യു.ഡി.എഫിന്റെ ക്ഷണം

പാലക്കാട്- ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ യു.ഡി.എഫ് തീരുമാനം. 52 അംഗ സഭയില്‍ 24 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ നടക്കുന്ന ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടെങ്കില്‍ പ്രമേയത്തെ പിന്തുണക്കാന്‍ തയാറാകണമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വോട്ട് ചെയ്യാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണക്കിലെടുത്താണ് കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏകനഗരസഭയായ പാലക്കാട്ട് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ധാരണയിലെത്തിയതെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം വിശദീകരിച്ചു കൊണ്ട് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ അറിയിച്ചു.
രണ്ടര വര്‍ഷം പിന്നിടുന്ന പാലക്കാട് നഗരസഭാ ഭരണസമിതിക്കെതിരെ ആദ്യമായാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നത്. 52 അംഗസഭയില്‍ യു.ഡി.എഫിന് 18 പേരാണുള്ളത്. സ്വതന്ത്രരുള്‍പ്പെടെ സി.പി.എമ്മിന് ഒമ്പത് അംഗങ്ങളുടെ പിന്തുണയുണ്ട്. ഒരാള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനാണ്. പ്രതിപക്ഷം ഒന്നിച്ചാല്‍ ബി.ജെ.പിക്ക് ഭരണത്തില്‍ തുടരാനാവില്ലെന്നു ചുരുക്കം. എന്നാല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ യു.ഡി.എഫിന് തനിച്ച് സാധിക്കില്ല. മുസ്‌ലിം ലീഗ് വിമതനായി മല്‍സരിച്ച് വിജയിച്ച് പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങിയ സെയ്തലവിക്ക് കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസ് ഉള്ളതിനാല്‍ വോട്ടവകാശമില്ല. 18 പേര്‍ ഒപ്പിട്ടാലേ അവിശ്വാസപ്രമേയം സഭയില്‍ അവതരിപ്പിക്കാനാവൂ. ഇക്കാര്യത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ യു.ഡി.എഫിന് സി.പി.എമ്മിന്റേയോ വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റേയോ പിന്തുണ തേടേണ്ടി വരുമെന്ന് ചുരുക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍ സി.പി.എം ഉള്‍പ്പെടെ ആരുടേയും പിന്തുണ ഇക്കാര്യത്തില്‍ തേടുമെന്നുമാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
ചെയര്‍പേഴ്‌സണും വൈസ്‌ചെയര്‍മാനുമെതിരേ അവിശ്വാസപ്രമേയം നല്‍കുന്നതിന് ആവശ്യമായ പിന്തുണയില്ലാത്തതിനാല്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആദ്യഘട്ടത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. അതനുസരിച്ച് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൗണ്‍സിലര്‍മാര്‍ ഇന്ന് ഉത്തരവാദിത്തം ഒഴിയും. തുടര്‍ന്ന് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരും. എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്കും നേതൃത്വം കൊടുക്കുന്നത് ബി.ജെ.പി കൗണ്‍സിലര്‍മാരാണ്.
വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിതമാക്കിക്കൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്റേയും മുസ്‌ലിംലീഗിന്റേയും കണക്കുകൂട്ടല്‍. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനാവശ്യമായ പിന്തുണ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് വരുമെന്നത് ഏറെക്കുറെ ഉറപ്പാണ്. പ്രമേയത്തെ അനുകൂലിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും സി.പി.എമ്മിനു മുന്നില്‍ ഉണ്ടാകില്ല. അവിശ്വാസപ്രമേയം വിജയിച്ചാല്‍ പിന്നെ എന്താണ് ഉണ്ടാകുക എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. യു.ഡി.എഫും സി.പി.എമ്മും യോജിച്ച് അധികാരം പങ്കിടാനുള്ള സാധ്യത നന്നേ കുറവാണ്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ഇടക്കാല തെരഞ്ഞെടുപ്പെന്ന വഴിയേ അപ്പോള്‍ മുന്നിലുണ്ടാകുകയുള്ളൂ. ഈ സാഹചര്യത്തില്‍ പാലക്കാട്ട് അത്തരമൊരു തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ സി.പി.എമ്മിന് വിമുഖതയുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
കാത്തിരുന്നു കാണുക എന്ന നിലപാടിലാണ് ബി.ജെ.പി. യു.ഡി.എഫും സി.പി.എമ്മും ചേര്‍ന്ന് പാലക്കാട്ട് ഭരണമാറ്റം കൊണ്ടു വന്നാല്‍ അത് തങ്ങള്‍ക്ക് കേരളത്തില്‍ മുഴുവന്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതാക്കള്‍.


 

Latest News