കൊല്ലം- അഞ്ചലില്‍ രണ്ട് വയസുകാരനെ 12 മണിക്കൂറിന് ശേഷം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി ചെല്ലാനിടയുള്ള ഇടങ്ങളിലും എല്ലാവരും ഒരുപോലെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തലേദിവസം തിരഞ്ഞിടത്തുനിന്ന് കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് കുട്ടിയെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയത്.
പോലീസും ബന്ധുക്കളും അഗ്‌നിശമനസേനയും നാട്ടുകാരും ഒരുപോലെ നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച മുഴുവന്‍ തിരഞ്ഞിട്ടും കണ്ടെത്താന്‍ സാധിക്കാത്ത പ്രദേശത്ത് രാവിലെയോടെ കുട്ടിയെ കണ്ടെത്തിയതില്‍ നാട്ടുകാര്‍ സംശയമുയര്‍ത്തുന്നുണ്ട്.
അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് പോയതായിരുന്നു കുട്ടി. അമ്മ കരുതി മുത്തശ്ശിയുടെ പക്കല്‍ കുട്ടി ഉണ്ടാകുമെന്ന്. എന്നാല്‍ മുത്തശ്ശി കുട്ടി അമ്മയുടെ പക്കല്‍ ഉണ്ടെന്നാണ് കരുതിയത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി. ശക്തമായ മഴ കാരണം രാത്രി പന്ത്രണ്ട് മണിയോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചില്‍ ആരംഭിച്ചതോടെയാണ് തലേ ദിവസം രാത്രി കുട്ടിക്ക് വേണ്ടി തിരഞ്ഞയിടത്ത് നിന്ന് കണ്ടെത്തിയത്.
ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങിയിട്ടില്ല. മനഃപൂര്‍വം കൊണ്ടുവെച്ചതാണ്. കൊച്ച് പേടിച്ചിട്ടില്ല. മഴയൊന്നും തട്ടിയിട്ടില്ല, കൊച്ച് ആള്‍ക്കൂട്ടത്തെ കണ്ട് ഹാപ്പിയാണ്. ഒരു കുഴപ്പവും ഇല്ല. മനപൂര്‍വം ആരോ കൊണ്ടു വെച്ചതാണ്- നാട്ടുകാര്‍ ആരോപിച്ചു. ഒരു രാത്രിമുഴുവന്‍ വീട്ടില്‍നിന്ന് പുറത്തായിരുന്നത് കൊണ്ട് തന്നെ കുട്ടിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.