പാലക്കാട്- പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്‌ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നല്‍കിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണ ഏജന്‍സികള്‍ക്ക് ബാക്കി കാര്യം ചെയ്യാം.
ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയില്‍ പറഞ്ഞത് പോലെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരേയും കേസെടുത്തു. കേസെടുക്കും എന്ന് പറഞ്ഞിരുന്നുവെന്നും അത് സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായംപോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയില്ലേ എന്ത് തരം ആക്രമണമാണ് താന്‍ നേരിടുന്നതെന്നും സ്വപ്ന ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്വപ്‌ന കുഴഞ്ഞുവീണു.