മലപ്പുറം- ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കവെ എആര്‍ നഗര്‍ പഞ്ചായത്തിലെ വലിയ പറമ്പില്‍ വെള്ളിയാഴ്ച രാവിലെ സംഘര്‍ഷമുണ്ടായി. സര്‍വേ നടപടികള്‍ തടയാനെത്തിയ പ്രദേശവാസികളെ പോലീസ് തടയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് എറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകര്‍ അണിനിരന്നിരിക്കുകയാണ്. നിരവധി പേരെ പോലീസ് മര്‍ദ്ദിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. വീടുകളില്‍ കയറിയും പോലീസ് മര്‍ദ്ദിച്ചെന്നും അവര്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കോഴിക്കോട്-തൃശൂര്‍ ദേശീയ പാത 66 നാട്ടുകാര്‍ ഉപരോധിച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടു.
ഏആര്‍ നഗറില്‍ നിലവിലുള്ള ദേശീയ പാത വികസിപ്പിക്കാന്‍ മതിയായ ഭൂമി റോഡിന്റെ ഇരുവശത്തും ലഭ്യമാണെന്നിരിക്കെ പുതിയ അലൈന്‍മെന്റു പ്രകാരം നിലവിലെ റോഡില്‍ നിന്നു മാറി പുതിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. 32 വീടുകള്‍ ഇവിടെ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ റോഡ് വികസിപ്പിക്കുമ്പോള്‍ പളളിയും ക്ഷേത്രവും പൊളിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് പുതിയ അലൈന്‍മെന്റെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ പള്ളി, ക്ഷേത്രം കമ്മിറ്റികള്‍ ഭൂമി വിട്ടു തരാന്‍ തയാറാണെന്ന് നാട്ടുകാരും പറയുന്നു.