നെടുമ്പാശ്ശേരി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് കര്‍മ്മത്തിനു പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് ഹജ് ക്യാമ്പില്‍നിന്നു നല്‍കുന്നത് 12 ഇനം സാധനങ്ങള്‍.
പാസ്‌പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ കാര്‍ഡ്, ലോഹ വള, ഇ-ബ്രേസ്്‌ലറ്റ്, മെഡിക്കല്‍ കാര്‍ഡ്, ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ്, സൗദി റിയാല്‍, ബോര്‍ഡിംഗ് പാസ്, ബെഡ് ഷീറ്റ്, പില്ലോ കവര്‍, കുട എന്നിങ്ങനെയാണ് അവ.
തീര്‍ഥാടകരുടെ യാത്ര രേഖകള്‍ വിമാന അടിസ്ഥാനത്തില്‍ തരം തിരിച്ച് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുമ്പ് ഇവ വിതരണം ചെയ്യുന്നത് ഹജ് സെല്ലിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. ഓരോ ദിവസവും പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരുടെ രേഖകളും മറ്റും ഫ്‌ളൈറ്റ് മാനിഫസ്റ്റ് പ്രകാരം തലേദിവസം തന്നെ കവര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ തരം തിരിച്ച് പാസ്‌പോര്‍ട്ട് സ്റ്റിക്കര്‍, അക്കമഡേഷന്‍ സ്റ്റിക്കര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പതിച്ച് ഓരോ കവറിലുമുള്ള തീര്‍ഥാടകരുടെ എണ്ണം അനുസരിച്ച് സാധനങ്ങള്‍/രേഖകള്‍ പ്രത്യേകം ബാഗിലാക്കി മാറ്റിവെക്കും. ശേഷം വിതരണ സമയത്ത് മുഖ്യ അപേക്ഷകന്‍ വശം ഓരോ ഹാജിക്കുമുള്ള രേഖകള്‍/ സാധനങ്ങള്‍ പ്രത്യേകം കൈമാറുകയും ഓരോ രേഖകളും പ്രത്യേകം കാണിക്കേണ്ട/ഉപയോഗിക്കേണ്ട സ്ഥലം, രൂപം എന്നിവ വിശദീകരിച്ചു നല്‍കുകയും ചെയ്യും.
മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഏജന്‍സി മുഖേനയാണ് നേരത്തെ തീര്‍ഥാടകര്‍ അടച്ച സംഖ്യയില്‍ നിന്നു സൗദിയിലെ ചിലവിലേക്കാവശ്യമായ 2100 റിയാല്‍ വീതം ഓരോ ഹാജിക്കും നല്‍കുന്നത്. ഹജ് യാത്രാവേളയില്‍ തിരക്കില്‍ പെട്ട് തീര്‍ഥാടകര്‍ കൂട്ടം തെറ്റിയാലും തിരിച്ചറിയുന്നതിനു വേണ്ടി പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, കവര്‍ നമ്പര്‍, വിസ നമ്പര്‍, ഓഫീസ് നമ്പര്‍, ബില്‍ഡിംഗ് നമ്പര്‍, ഫ്‌ളൈറ്റ് നമ്പര്‍ എന്നിവ തിരിച്ചറിയല്‍ കാര്‍ഡിലും ബാഗേജ് സ്റ്റിക്കറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ-ബ്രേസ്്‌ലെറ്റിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താലും തീര്‍ഥാടകരുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാവും. അത്യാഹിത ഘട്ടങ്ങളിലും വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലോഹവളയില്‍ പേര്, കവര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടകരുടെ യാത്രാരേഖകള്‍ കൈമാറല്‍, വിമാനത്തിന്റെ പുറപ്പെടല്‍ സമയത്തിനനുസരിച്ച് മൂന്ന് മണിക്കൂര്‍ മുമ്പ് തീര്‍ഥാടകരെ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിക്കുന്നതിനു ക്യാമ്പിലെ വിവിധ വിഭാഗങ്ങളുമായി കോര്‍ഡിനേറ്റ് ചെയ്ത് പ്രവര്‍ത്തിക്കല്‍ എന്നിവക്കായി 52 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് താത്കാലിക ഡെപ്യൂട്ടേഷനില്‍ ഹജ് ക്യാമ്പില്‍ ഡ്യൂട്ടിയിലുള്ളത്.