Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ അദ്ദേഹം മൗനം വെടിയണമെന്ന് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ കേരള വിജിലന്‍സ് വീട് കയറി തട്ടിക്കൊണ്ടു പോയത് എന്തിനാണെന്നും അയാള്‍ക്കെതിരായ പുതിയ കേസ് എന്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം. 

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മറ്റ് കാര്യങ്ങളിലൊക്കെ പിണറായി വിജയന്‍ അല്‍പ്പസമയം കൂടി മൗനം തുടര്‍ന്നോട്ടെ. എന്നാല്‍ എന്തിനാണ് സരിത്തിനെ കേരള വിജിലന്‍സ് വീട് കയറി തട്ടിക്കൊണ്ടു പോയത്? എന്താണ് അയാള്‍ക്കെതിരായ പുതിയ കേസ് അയാള്‍ക്കെതിരായ ലൈഫ് മിഷന്‍ കേസില്‍ പുതിയ എന്തെങ്കിലും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടോ? പാലക്കാട് വിജിലന്‍സ് യൂണിറ്റിന് ഇതില്‍ എന്താണ് കാര്യം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ പിടിച്ചു കൊണ്ടുപോയതും ദേഹോപദ്രവമേല്‍പ്പിച്ചതും ഫോണ്‍ പിടിച്ചുപറിച്ചതും ലോക്കല്‍ പോലീസ് പോലുമറിയാത്ത ഈ തട്ടിക്കൊണ്ടു പോകല്‍ എങ്ങനെ ഷാജി കിരണ്‍ അറിഞ്ഞു?

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ. പിണറായി വിജയന്‍ ഭക്തര്‍ പതിവ് പോലെ സ്തുതിപാടലും ക്യാപ്‌സ്യൂള്‍ വിതരണവുമായി നടന്നോട്ടെ, പക്ഷേ കേരളത്തിലെ 'ഇടതുപക്ഷ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടുമൊക്കെ ഒരു ചോദ്യം ഉയരുന്നുണ്ട്. നിങ്ങളീ അമിതാധികാര പ്രമത്തത കാണുന്നില്ലേ? നാട് ഭരിക്കുന്നവര്‍ക്കെതിരെ വാ തുറക്കുന്നവരെ വേട്ടയാടാന്‍ പോലീസിനെയും മറ്റ് ഭരണകൂട സംവിധാനങ്ങളേയും ദുരുപയോഗിക്കാന്‍ മടിയില്ലാത്ത ഒരു സ്വേച്ഛാധിപതിയാണോ കേരളത്തിലിന്ന് അധികാരത്തിലിരിക്കുന്നതെന്ന് നിങ്ങള്‍ക്കാര്‍ക്കും തോന്നുന്നില്ലേ. അതോ കണ്ടിട്ടും നിങ്ങള്‍ മിണ്ടാതിരിക്കുകയാണോ.

Latest News