Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ലോല മേഖല:  പന്ത് കേന്ദ്രത്തിന് തട്ടി എൽ.ഡി.എഫ്,  പിണറായി സർക്കാരിനെ  പഴിച്ച് യു.ഡി.എഫ്


കൽപറ്റ- സംരക്ഷിത വനങ്ങളുടെ അതിരിൽനിന്നു കുറഞ്ഞതു ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ  പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ വയനാട്ടിൽ മുതലെടുപ്പിനു പദ്ധതികളുമായി രാഷ്ട്രീയ പാർട്ടികൾ. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു ഉള്ളതും ഇല്ലാത്തതും പാടിനടന്നും ഹർത്താൽ ഉൾപ്പെടെ സമര പരിപാടികൾ സംഘടിപ്പിച്ചും ജനങ്ങളുടെ കൈയടി നേടാനുള്ള പെടാപ്പാടിലാണ് ഇടതും വലതും മുന്നണികളും ബി.ജെ.പിയും. പരിസ്ഥിതി ലോല മേഖല രാഷ്ട്രത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയാണെന്നു സ്ഥാപിക്കാൻ പ്രകൃതിവാദികൾ ശ്രമിക്കുമ്പോൾ സുപ്രീം കോടതി വിധി വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം താറുമാറാകുന്നതിനു കാരണമാകുമെന്നാണ് രാഷ്ട്രീയ കക്ഷികൾ കൊടിനിറ വ്യത്യാസമില്ലാതെ പ്രചരിപ്പിക്കുന്നത്. പരിസ്ഥിതി ലോല മേഖലയിൽ ഭവന നിർമാണം പോലും നടക്കില്ലെന്ന കുപ്രചാരണവും ചിലർ അഴിച്ചുവിടുന്നുണ്ട്. മാധ്യമങ്ങൾ ഇതു ഏറ്റുപിടിക്കുന്നതു ജനമനസ്സുകളിൽ അലോസരം സൃഷ്ടിക്കുകയുമാണ്.
സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളിയുടെ ഭാഗമായി പന്ത് കേന്ദ്ര സർക്കാരിന്റെ കളത്തിലേക്കു തട്ടിയിരിക്കയാണ് എൽ.ഡി.എഫ്. വലതു മുന്നണിയാകട്ടെ സുപ്രീം കോടതി ഉത്തരവിനു ഉത്തരവാദിത്തം പിണറായി സർക്കാരിനാണെന്ന വാദമാണ് ജനങ്ങൾക്കു മുന്നിൽ നിരത്തുന്നത്. രണ്ടു മുന്നണികളെയും പഴി പറഞ്ഞാണ് ബി.ജെ.പി നില ഭദ്രമാക്കുന്നത്. 
ജനവാസ കേന്ദ്രങ്ങളെ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽനിന്നു ഒഴിവാക്കണമെന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. ഈ ആവശ്യം ഉന്നയിച്ചാണ് ഇടതും വലതും മുന്നണികൾ സമര കാഹളം മുഴക്കുന്നത്. സംരക്ഷിത വനങ്ങളുടെ ബഫർ സോണിൽനിന്നു ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കുന്നതിനു കേന്ദ്ര എംപവേർഡ് കമ്മിറ്റിയും വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ഇടപെടണമെന്ന ആവശ്യവുമായി ഞായറാഴ്ച ജില്ലാ വ്യാപകമായി ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കയാണ് എൽ.ഡി.എഫ്. ബത്തേരി, മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽ ശനിയാഴ്ച വൈകുന്നേരം പ്രകടനവും വിശദീകരണ യോഗവും നടത്താനിരിക്കയാണ് യു.ഡി.എഫ്. ബി.ജെ.പി ജില്ലാ കമ്മിറ്റി ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ബത്തേരി സ്വതന്ത്ര മൈതാനിയിൽ ധർണ പ്രഖ്യാപിട്ടിട്ടുണ്ട്. 
എൽ.ഡി.എഫ് ആഹ്വാനം ചെയ്ത വയനാട് ഹർത്താലിനെതിരേ  ടൺ കണക്കിനു പരിഹാസമാണ് വലതു മുന്നണി നേതാക്കൾ ചൊരിയുന്നത്. 344.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതിനുള്ള ശുപാർശ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര മന്ത്രാലയത്തിനു  സമർപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഹർത്താലിനെ യു.ഡി.എഫ് നേതാക്കൾ കളിയാക്കുന്നത്. പിണറായി സർക്കാരിന്റെ ഈ ശുപാർശ സുപ്രീം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർ വാദിക്കുന്നു.  ഓഫീസുകൾക്കു അവധിയും വ്യാപാര സ്ഥാപനങ്ങളിൽ പലതും അടഞ്ഞുകിടക്കുന്നതുമായ ഞായറാഴ്ച ഹർത്താൽ നടത്തുന്നതിനെതിരേയും യു.ഡി.എഫ്  പരിഹാസശരം വർഷിക്കുന്നുണ്ട്. ഹർത്താൽ നടത്തുന്നതിനു പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു മാർച്ച് നടത്തുകയാണ് എൽ.ഡി.എഫ് ചെയ്യേണ്ടതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. 
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നു നേരത്തേ ശുപാർശ ചെയ്ത ഒരു കിലോമീറ്റർ ബഫർ സോൺ എന്നതിൽ തിരുത്തൽ വരുത്തി കഴിഞ്ഞ വർഷം ഇടതു സർക്കാർ കേന്ദ്ര മന്ത്രാലയത്തിനു പുതിയ ശുപാർശ സമർപ്പിച്ചിരുന്നു. വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന ടെറിട്ടോറിയൽ ഡിവിഷനുകളിൽപ്പെട്ട 69.12 ചതുരശ്ര കിലോമീറ്റർ റിസർവ്  വനവും വന്യജീവി സങ്കേതത്തിനകത്തെ 19.09 ചതുരശ്ര  കിലോമീറ്റർ ജനവാസ മേഖലയുമാണ് ഏറ്റവും ഒടുവിലത്തെ  ശുപാർശയിൽ പരിസ്ഥിതി ലോല മേഖലയിൽ  ഉൾപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് നേതൃത്വം യു.ഡി.എഫിനെ നേരിടുന്നത്. ബഫർ സോൺ വനത്തിനകത്തായിരിക്കണമെന്ന  സർക്കാർ നിലപാടാണ് ഏറ്റവും ഒടുവിൽ കേന്ദ്രത്തിനു നൽകിയ ശുപാർശയിലൂടെ വ്യക്തമാക്കുന്നതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധിമൂലം സംജാതമാകുന്ന പ്രതിസന്ധിയുടെ പരിഹാരത്തിനു സംസ്ഥാന സർക്കാരല്ല, കേന്ദ്ര സർക്കാരാണ് ഇടപെടേണ്ടതെന്നു എൽ.ഡി.എഫ് വാദിക്കുന്നതും പോയ വർഷത്തെ  ശുപാർശയുടെ ചുവടുപിടിച്ചാണ്. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രിക്കു കത്തയച്ച രാഹുൽഗാന്ധി എം.പിയെയും എൽ.ഡി.എഫ് കുടയുന്നുണ്ട്. പിണറായിക്കു കത്തയച്ച രാഹുൽ മോഡിക്കു കത്തുവിടാത്തതു എന്തുകൊണ്ടെന്നു എൽ.ഡി.എഫ് ചോദിക്കുന്നു. 
ബഫർ സോണിനു പൂർണമായും എതിരല്ലെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, ജനറൽ സെക്രട്ടറി കെ.ശ്രീനവാസൻ എന്നിവർ പറയുന്നത്. സംരക്ഷിത വനങ്ങളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്നാണ് അവരുടെ അഭിപ്രായം. പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ ആശങ്ക അകറ്റി ജനങ്ങളെ കൂടെ നിർത്തണമെന്നും ആവശ്യപ്പെടുന്നു. 
സുപ്രീം കോടതി ഉത്തരവിനെതിരേ സട കുടഞ്ഞവരെയെല്ലാം ഖനന, ടൂറിസം ലോബിയുടെ കൈയാളുകളായാണ് പരിസ്ഥിതി സംഘടനകളിൽ പലതും കാണുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നിരോധനമോ നിയന്ത്രണമോ പരിസ്ഥിതി ലോല മേഖലകളിൽ ഇല്ലെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ കർഷകരെ ഇളക്കിവിട്ട് യാഥാർഥ്യങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നു പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികളായ വർഗീസ് വട്ടേക്കാട്ടിൽ, എ.എൻ.സലിംകുമാർ, എ.കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു. പരിസ്ഥിതി ലോല മേഖലയെ എതിർക്കുന്നവർ ജനങ്ങളോടു കടുത്ത അപരാധമാണ് ചെയ്യുന്നതെന്ന അഭിപ്രായവും ഇവർക്കുണ്ട്. 

 

Latest News