Sorry, you need to enable JavaScript to visit this website.

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയെന്ന് സ്വപ്ന സുരേഷ്; ശബ്ദരേഖ പുറത്തുവിട്ടു

പാലക്കാട്‌- താനുമായി ചർച്ചക്കു വന്ന ഷാജ് കിരൺ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ബിനാമിയാണെന്നും ധാരാളം കമ്പനികളുടെ ഡയരക്ടറാണെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇയാളാണ് ബിലീവേഴ്സ് ചർച്ച് വഴി മറ്റുള്ളവരുടെ പണം യു.എസിലേക്ക് അയക്കുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഇതിനുള്ള തെളിവായി ഷാജ് കിരണും സ്വപ്നയും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയാണ്   സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് നൽകിയത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് നൽകിയത്. പാലക്കാട്ട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍വെച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

യാത്രാവിലക്ക് നീക്കുമെന്നും രാജ്യം വിട്ടുപോകാൻ അനുവദിക്കുമെന്നും ഷാജ് കരുൺ ഉറപ്പു നൽകുന്നു. മൊഴി നൽകിയതിന്റെ പേരിൽ എന്തിനാണ് ദ്രോഹിക്കുന്നതെന്ന് സ്വപ്ന ചോദിച്ചു. കോടിയേരിയുടേയും പിണറായിയുടേയും പണം പോകുന്നത് അമേരിക്കയിലേക്കാണെന്ന് ഷാജ് കിരൺ പറയുന്നു. രഹസ്യമൊഴി നൽകിയത് തെറ്റാണെന്നും അതുകൊണ്ട് എന്താണ് നേടിയതെന്നും ഷാജ് ചോദിക്കുന്നു. ഫ്രീസ് ചെയ്ത സാധനങ്ങൾ വാങ്ങിത്തരാമെന്നും ഇയാൾ ഉറപ്പു നൽകുന്നു.

എന്തിനാണ് പോരാടുന്നതെന്നും എന്തെങ്കിലും നേട്ടം വേണമെന്നും പറയുന്ന  ഷാജ് കിരൺ കീഴടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിക്കുന്നു.

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയിൽ വെച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടതെന്നും സ്വപ്ന പറഞ്ഞു. 

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നൽകിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. 

Latest News