ബാഴ്‌സലോണ- റോമയെ 4-1ന് തകർത്ത് ബാഴ്‌സലോണ, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് ഒരു കാലെടുത്തു വെച്ചു. നൗകാംപിൽ നടന്ന ആദ്യ പാദത്തിലെ ഗംഭീര വിജയം സ്പാനിഷ് വമ്പൻമാർക്ക് സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്തയാഴ്ച റോമിൽ നടക്കുന്ന രണ്ടാം പാദത്തിൽ ചെറിയ മാർജിനിൽ തോറ്റാൽ പോലും മെസ്സിക്കും കൂട്ടർക്കും സെമി ഉറപ്പ്.
ഇരു പകുതികളിലായി ലഭിച്ച രണ്ട് സെൽഫ് ഗോളിന്റെ ഭാഗ്യമാണ് ബാഴ്‌സക്ക് വമ്പൻ വിജയം നേടിക്കൊടുത്തത്. 38ാം മിനിറ്റിൽ ഡാനിയേലെ ഡിറോസ്സിയുടെ സെൽഫ് ഗോളാണ് ബാഴ്‌സയെ മുന്നിലെത്തിക്കുന്നത്. 55ാം മിനിറ്റിൽ കോസ്റ്റാസ് മനോലാസ് റോമക്ക് വീണ്ടും നിർഭാഗ്യം തീർത്തു. 59ാം മിനിറ്റിൽ ജെറാഡ് പിഖിലൂടെയാണ് ബാഴ്‌സ ആദ്യമായി സ്വന്തം നിലയിൽ ഗോൾ നേടുന്നത്. 80ാം മിനിറ്റിൽ എഡിൻ സെക്കോയിലൂടെ റോമ ഒരു ഗോൾ മടക്കിയെങ്കിലും ഏഴ് മിനിറ്റ് കഴിഞ്ഞപ്പോൾ ലൂയി സുവാരസ്, ബാഴ്‌സക്ക് വീണ്ടും മൂന്ന് ഗോളിന്റെ ലീഡ് നേടിക്കൊടുത്തു.
മികച്ച മാർജിനിൽ ജയിച്ചെങ്കിലും സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സയുടെ പ്രകടനം പ്രതീക്ഷ നിലവാരത്തിലെത്തിയില്ല. കോച്ച് ഏണസ്റ്റോ വാൾവെർഡെ തന്നെ മത്സരശേഷം അക്കാര്യം സമ്മതിച്ചു. കാൽവണ്ണയിലെ പരിക്ക് ഭേദമായി തിരിച്ചെത്തിയ ലിയോണൽ മെസ്സി ശരിയായ ഫോമിലേക്കുയർന്നില്ല. കഴിഞ്ഞ ദിവസം റയൽ മഡ്രീഡിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ അതിശയ ഗോൾ മനസ്സിലുണ്ടായിരുന്ന ആരാധകർ മെസ്സിയിൽനിന്നും എന്തെങ്കിലും ഇന്ദ്രജാലം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മെസ്സിയെ റോമൻ പ്രതിരോധം ശരിക്കും പൂട്ടുകയായിരുന്നു. വാസ്തവത്തിൽ മെസ്സിയെ ചെറുക്കാനായി ഒമ്പത് പേരെ അണിനിരത്തി റോമ നടത്തിയ അമിത പ്രതിരോധം അവർക്കു തന്നെ വിനയാവുകയായിരുന്നു.